
അച്യുതപുരം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്യുതപുരം ജില്ലയിലെ ബ്രാൻഡിക്സ് പ്രത്യേക സാമ്പത്തിക മേഖലയിലുള്ള വസ്ത്ര നിർമാണ യൂണിറ്റിൽ, വാതക ചോർച്ചയെ തുടർന്ന് 50 വനിതാ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസവും ഛർദ്ദിയും കാരണം വനിതാ ജീവനക്കാർ ബോധരഹിതയായി വീണുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അച്യുതപുരത്തെ ഒരു കമ്പനിയിൽ വാതക ചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഏതാനും സ്ത്രീകൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും സ്ഥലത്ത് ഒഴിപ്പിക്കൽ നടക്കുന്നതായും അനക്കാപ്പള്ളി പോലീസ് അറിയിച്ചു. ഇവരിൽ ചിലരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിസരത്ത് പ്രവേശിക്കാൻ പോലീസ് ആരെയും അനുവദിച്ചില്ല.
ചില തൊഴിലാളികൾക്ക് സെസിലെ മെഡിക്കൽ സെന്ററിൽ പ്രഥമശുശ്രൂഷ നൽകിയപ്പോൾ മറ്റ് ചിലരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചില തൊഴിലാളികൾ ഗർഭിണികളാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ബ്രാൻഡിക്സ് പ്രത്യേക സാമ്പത്തിക മേഖലയിൽ, ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ കൂടുതലും വസ്ത്ര നിർമ്മാണ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ്.
ജൂൺ 3നും ഇതിന് സമാനമായ ഒരു സംഭവം ജില്ലയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ 200 ലധികം സ്ത്രീ തൊഴിലാളികൾ കണ്ണുവേദന, ഓക്കാനം, ഛർദ്ദി എന്നിവയെ തുടർന്ന് ബോധരഹിതരായി. അന്ന്, പ്രദേശത്തെ പോറസ് ലബോറട്ടറീസ് യൂണിറ്റിൽ നിന്ന് അമോണിയ വാതകം ചോർന്നതായാണ് അധികൃതർ സംശയിക്കുന്നത്.
Post Your Comments