വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. 25 മത്സ്യബന്ധന ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. 5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read Also: ആദരവ് വേണം: ലോകകപ്പ് ട്രോഫിയിൽ കാലുയർത്തി വെച്ചതിന് മിച്ചൽ മാർഷിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ
ഇന്നലെ രാത്രി 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 15 ലക്ഷം വീതം വിലവരുന്ന 25 മത്സ്യബന്ധന ബോട്ടുകളാണ് അഗ്നിക്കിരയായത്. ബോട്ടുകളില്‍ ഉണ്ടായിരുന്ന ഡീസല്‍ കണ്ടെയ്നറുകളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ഇത് അപകടത്തിന്റെ തീവ്രത കൂട്ടി. ഇതോടെ ഹാര്‍ബറില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു.
നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇന്ത്യന്‍ നേവിയുടെ കപ്പല്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സാമൂഹ്യവിരുദ്ധരാണ് ബോട്ടുകള്‍ക്ക് തീയിട്ടതിന് പിന്നിലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അതേസമയം, ബോട്ടുകളിലൊന്നില്‍ നടന്ന പാര്‍ട്ടിയും അപകട കാരണമായി പൊലീസ് വിലയിരുത്തുന്നുണ്ട്.
തീ പടരാതിരിക്കാന്‍ മറ്റു ബോട്ടുകളുടെ കെട്ടഴിച്ച് ഒഴുക്കിവിട്ടെങ്കിലും കാറ്റും വെള്ളത്തിന്റെ ഒഴുക്കും ഇവയെ ജെട്ടിയിലേക്ക് തിരികെ എത്തിച്ചെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ രവിശങ്കര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments