കൊച്ചി: രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശനങ്ങളും സൈബർ ആക്രമണവും നേരിട്ട ആളാണ് നടൻ സുരേഷ് ഗോപി. അടുത്തിടെ സുരേഷ് ഗോപിയുടെ ഒരു വെള്ളത്താടി ചിത്രം വൈറലായിരുന്നു. സുരേഷ് ഗോപിയെ അധിക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ട്രോളുണ്ടാക്കിയ ആൾക്ക് കുറിക്കു കൊള്ളുന്ന മറുപടി മകൻ ഗോകുൽ സുരേഷ് നൽകിയതും ഏറെ ശ്രദ്ധേയമായിരുന്നു. അന്നത്തെ ആ വിവാദ സംഭവത്തോട് പ്രതികരിക്കുകയാണ് ഗോകുലും സുരേഷ് ഗോപിയും. പാപ്പന് വേണ്ടി നടത്തിയ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് താരത്തിന്റെ പ്രതികരണം.
ഒരുപാട് ആലോചിച്ചിട്ടാണ് അത്തരമൊരു മറുപടി നൽകിയതെന്ന് ഗോകുൽ പറയുന്നു. ഒരു തഗ് മറുപടി ആയിരുന്നില്ല അതെന്നും, ഏറെ വേദനയോടെയാണ് ആ കമന്റ് ഇട്ടതെന്നും ഗോകുൽ പറയുന്നു. അച്ഛന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി തന്റെ അമ്മയ്ക്കും സഹോദരിമാർക്കും നേരെ വരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ടെന്ന് ഗോകുൽ പറയുന്നു. അച്ഛന്റെ ഫോട്ടോ അപമാനകരമായ രീതിയിൽ ഉണ്ടാക്കിയ ആളെ വീട്ടിൽ പോയി തല്ലാനാണ് തോന്നിയതെന്നും, എന്നാൽ തനിക്ക് അത് ചെയ്യാൻ കഴിയില്ലല്ലോ എന്നും ഗോകുൽ ചോദിക്കുന്നു.
‘സമൂഹത്തിൽ സോഷ്യൽ മീഡിയ വഴി ശത്രുത വളർത്തുകയാണ്. ഈ സിംഹവാലന്റെ പടം വെച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ കണ്ടില്ല. ഗോകുലിന്റെ മറുപടി കമന്റ് വരുമ്പോഴാണ് ഞാൻ അത് കാണുന്നത്. ഞാൻ കണ്ടിരുന്നെങ്കിൽ, എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൃഗമാണ് സിംഹവാലനെന്ന് ഞാൻ പറഞ്ഞേനെ. സിംഹവാലനെ സംരക്ഷിക്കാൻ ഞാൻ ചെയ്തത് പറഞ്ഞേനെ. എന്നെ വളർത്തുന്നത് നിങ്ങളാണ്.
Also Read:അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങൾ
സൈലന്റ് വാലി പദ്ധതി വരുന്നതിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമ കോളജിലെ സുവോളജി വിഭാഗത്തിലെ എസ്.എഫ്.ഐക്കാരുണ്ട്. ഞാനതിന്റെ ലീഡർ ആണ്. എനിക്ക് ഫുൾ ടെക്നിക്കൽ സപ്പോർട്ട് എന്ന് പറയുന്നത് ഫൈസി ആണ്. അയാൾ എസ്.എഫ്.ഐ അല്ല. അയാൾ നക്സലൈറ്റ് ആണ്. ശാന്തനായിരുന്നു അയാൾ. എസ്.എഫ്.ഐ ആയിരുന്ന ഞാൻ അതീന്ന് മാറി സ്വതന്ത്ര്യനായി നിന്ന്, പാർട്ടിക്കെതിരെ നിന്ന് മത്സരിച്ച്, പാർട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തി, ഈ സമരത്തെ ലീഡ് ചെയ്ത ആളാണ് ഞാൻ. അത് സിംഹവാലനെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു. സൈലന്റ് വാലി പദ്ധതിക്കെതിരെ ഇന്ദിരാ ഗാന്ധിക്ക് കത്തയച്ച ആളാണ് ഞാൻ. മറുപടിയും ലഭിച്ചിട്ടുണ്ട്’, സുരേഷ് ഗോപി വ്യക്തമാക്കി.
ഇല്ല്യാസ് മരക്കാർ എന്ന ആൾ പങ്കുവെച്ച പോസ്റ്റിലാണ് നടനും മുൻ എം പിയുമായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചത്. സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങന്റെ ചിത്രവും ചേർത്ത് വെച്ച് ഇതിലെ വ്യത്യാസം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു പോസ്റ്റ്. ഇതിന് താഴെയാണ് ഗോകുൽ അധിക്ഷേപിച്ചയാൾക്ക് വായടപ്പിക്കുന്ന തരത്തിലുള്ള മറുപടി നൽകിയത്. ‘ഇതിന് രണ്ട് വ്യത്യാസമുണ്ട്.ലെഫ്റ്റിൽ ഇരിക്കുന്നത് നിന്റെ തന്തയും റൈറ്റിൽ ഇരിക്കുന്നത് എന്റെ തന്തയുമാണ്’, എന്നായിരുന്നു ഗോകുലിന്റെ പ്രതികരണം.
Post Your Comments