2019 ഡിസംബറിലെ ഒരു സായാഹ്നത്തിൽ നതാലി ക്ലോസ് ശൈത്യകാല അവധിക്ക് തയ്യാറെടുക്കുകയായിരുന്നു. അവളുടെ സ്നാപ്ചാറ്റ് അക്കൗണ്ടിൽ നിന്നും അവളുടെ നഗ്ന ചിത്രങ്ങൾ മറ്റുള്ളവർക്ക് ലഭിച്ചു. നതാലിയുടെ നഗ്നചിത്രങ്ങൾ അടങ്ങിയ ഈ സ്‌നാപ്ചാറ്റ് സന്ദേശങ്ങൾ അവളുടെ സുഹൃത്തുക്കൾക്കും കസിനും മുൻ കാമുകനും അവൾക്കറിയാവുന്ന ഡസൻ കണക്കിന് ആളുകളിലേക്കും പോയി.
ചിത്രങ്ങൾ ലഭിച്ചപ്പോൾ ചിലർ ആവേശത്തിലായിരുന്നു. മറ്റ് ചിലർ നതാലിയുടെ തമാശയായി കണ്ടു. ചിലർ അന്തംവിട്ടു. എന്നാൽ, ഒരാൾ മാത്രം അതിനെ സീരിയസായി എടുത്തു. അവളുടെ സുഹൃത്തുക്കളിൽ ഒരാളായ കാറ്റി യേറ്റ്സ്. നതാലിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും, അത് ഒരു സൈബർ ആക്രമണമാണെന്നും കാറ്റി തിരിച്ചറിഞ്ഞു.
സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് കോളേജിലെ വിദ്യാർത്ഥിയായിരുന്നു കാറ്റി. കുറച്ച് മാസങ്ങൾക്ക് മുമ്പ്, കാറ്റി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് വന്നതിനു ശേഷം, അവളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കാമ്പസിൽ തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് തോന്നിയ കാറ്റി തന്നെ ഉപദ്രവിക്കുന്നയാളെ തിരിച്ചറിയാനുള്ള വഴികൾ അന്വേഷിക്കാൻ തുടങ്ങി. സ്വമേധയാ കാറ്റി ഇതിനിറങ്ങി തിരിച്ചു.
Also Read:ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി
തനിക്ക് സംഭവിച്ച അനുഭവം ഓർമയുള്ളതിനാലാണ് നതാലിക്ക് സംഭവിച്ചത് ഒരു സൈബർ ആക്രമണമാണെന്ന് കാറ്റി തിരിച്ചറിഞ്ഞത്. ഒടുവിൽ കാറ്റിയും നതാലിയും ഒന്നിച്ചു. വേട്ടക്കാരനെ പിടിക്കാൻ രണ്ട് പേരും തീരുമാനിച്ചു. പിന്നീട് നടന്നതെല്ലാം ഒരു സിനിമാക്കഥ പോലെ ആയിരുന്നു. സ്നാപ്ചാറ്റിന്റെ ജീവനക്കാരനായി ചമഞ്ഞാണ് ഹാക്കർ നതാലിയുടെ അക്കൗണ്ടിൽ കയറിപ്പറ്റിയത്. മൈ ഐസ് ഒൺലി’ എന്ന ഫോൾഡറിൽ നതാലി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഹാക്കർ പ്രചരിപ്പിച്ചത്. സംഭവം പോലീസിനെ അറിയിച്ചെങ്കിലും നതാലിയുടെ ഭാഗത്താണ് തെറ്റെന്ന രീതിയിലായിരുന്നു അവർ പെരുമാറിയത്.
പോലീസിന്റെ ഭാഗത്ത് നിന്നും മാന്യമായ നടപടി ഉണ്ടാകാതെ വന്നതോടെ നതാലിയും കാറ്റും ഒരു പദ്ധതി ആവിഷ്കരിച്ചു. നഗ്നചിത്രങ്ങൾ പങ്കിടാൻ ഉണ്ടെന്നും ലിങ്ക് ഒപ്പം അയയ്ക്കുന്നതായും സൂചിപ്പിച്ച് ഒരു യു.ആർ.എൽ നതാലിക്ക് കാറ്റി അയച്ച് കൊടുത്തു. ഗ്രാബിഫൈ ഐ.പി ലോഗർ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് അതിൽ ക്ലിക്ക് ചെയ്യുന്ന എല്ലാവരുടെയും ഐപി വിലാസം ശേഖരിക്കുന്ന യു.ആർ.എൽ ആയിരുന്നു അത്. എന്നാൽ, ആദ്യകാഴ്ചയിൽ അശ്ളീല സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന ലിങ്ക് ആയിരുന്നു അത്. ബുദ്ധിമാനായ ഹാക്കർക്ക് വേണമെങ്കിൽ ഇത് തിരിച്ചറിയാം. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് വേണമെങ്കിൽ ഈ പദ്ധതി പൊളിക്കാം.
എന്നാൽ, ഇയാൾ ഇത് ചെയ്തില്ല. തന്റെ പിന്നാലെ നതാലിയും കാറ്റും ഉണ്ടെന്ന് ഇയാൾ തിരിച്ചറിഞ്ഞില്ല. അതിനാൽ, പെൺകുട്ടികളുടെ കുഴിയിൽ ഹാക്കർ വീണു. ഐ.പി വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ, ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരെ ഒരു വിക്കിപീഡിയ പേജിലേക്കാണ് ഇരുവരും എത്തിച്ചത്. ഒടുവിൽ അവർ കാത്തിരുന്ന വിവരം അവരെ തേടിയെത്തി. തങ്ങൾ അന്വേഷിക്കുന്നയാൾ മാൻഹട്ടനിലാണെന്നും വി.പി.എൻ ഇല്ലാതെ ഐഫോൺ ഉപയോഗിക്കുന്നുണ്ടെന്നും മനസ്സിലാക്കി.
Also Read:ശേഷിക്കുന്ന മിഗ്-21 സ്ക്വാഡ്രണുകൾ 2025ൽ വിരമിക്കും: ഇന്ത്യൻ വ്യോമസേന
ദിവസങ്ങൾക്ക് ശേഷം നതാലിയും കാറ്റും തങ്ങൾ ശേഖരിച്ച വിവരങ്ങൾ പൊലീസിന് കൈമാറി. ഇവർ ഇതു പിന്നീട് ന്യൂയോർക്ക് സ്റ്റേറ്റ് ലോ എൻഫോഴ്‌സ്‌മെന്റിനും അവിടെ നിന്ന് എഫ്ബിഐക്കും കൈമാറി. ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഹാർലെമിൽ താമസിക്കുന്ന ഷെഫായ ഡേവിഡ് മൊണ്ടോർ (29) ആണ് അറസ്റ്റിലായത്. കുറഞ്ഞത് 300 ലധികം സ്നാപ്ചാറ്റ് അക്കൗണ്ടുകളിലേക്കുള്ള ആക്സസ് ഇയാൾക്കുണ്ടായിരുന്നു. നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്തയാളാണ് മൊണ്ടോർ എന്ന് പൊലീസ് പറഞ്ഞു. നതാലിയുടെ നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ച കുറ്റത്തിന് ആറു മാസം തടവു ശിക്ഷയാണ് യുവാവിന് ലഭിച്ചത്. മറ്റാരും പരാതിയുമായി രംഗത്ത് വരാതിരുന്നതും ഇയാൾക്ക് പിടിവള്ളിയായി. തന്റെ നഗ്ന ചിത്രങ്ങൾ പ്രദര്ശിപ്പിച്ചയാൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നാണ് നതാലി പറയുന്നത്.
കഴിഞ്ഞ വർഷം നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌പ്ലോയിറ്റഡ് ചിൽഡ്രന് ഓൺലൈന്റെ റിപ്പോർട്ട് പ്രകാരം സമാനമായ 44,000 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് വർഷം മുമ്പ് ഇത് 17,000 ആയിരുന്നു. 2021-ൽ 18,000 ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചതായി എഫ്ബിഐ അറിയിച്ചു. ആദ്യ ഏഴു മാസങ്ങളിൽ ലഭിച്ച പരാതികളിൽ പകുതിയോളം ഇരകളും 20 മുതൽ 39 വയസ്സുവരെയുള്ളവരായിരുന്നു.
ഇത്തരം ആക്രമണങ്ങളെ നേരിടാൻ ചുമതലപ്പെടുത്തിയിരിക്കുന്ന നിയമ നിർവ്വഹണ ഏജൻസികൾക്ക് ബജറ്റ് പരിമിതികളും ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പരിചയക്കുറവും ആണ് തടസ്സമായി നിൽക്കുന്നത്. ഒരു വ്യാജ ഫോൺ നമ്പർ ഉപയോഗിക്കുന്നത് പോലുള്ള ലളിതമായ സാങ്കേതിക വിദ്യകൾ പോലും അന്വേഷകരെ തളർത്താൻ പര്യാപ്തമാണ്.
Post Your Comments