KeralaLatest NewsNews

തൊടല്ലേ തട്ടിപ്പാണേ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പുകാർ

തിരുവനന്തപുരം: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇൻഫ്‌ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം നടത്തി എന്നും ചൂണ്ടിക്കാട്ടിയായിരിക്കും തട്ടിപ്പുകാർ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയിൽ ആയിരിക്കും ഇത്.

യഥാർഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കൾ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. തുടർന്ന് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നു. അതുവഴി സോഷ്യൽ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവർ ഏറ്റെടുക്കുകയും ചെയ്യും.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന സോഷ്യൽ മീഡിയ ഹാന്റിലുകൾ തിരികെകിട്ടുന്നതിന് വൻ തുകയായിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകൾ വിട്ടുകിട്ടുന്നതിന് അവർ അയച്ചു നൽകുന്ന ക്രിപ്‌റ്റോ കറൻസി വെബ്‌സൈറ്റുകളിൽ പണം നിക്ഷേപിക്കാനാണ് നിങ്ങളോട് ആവശ്യപ്പെടുക. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല, വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കും സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകൾ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. സോഷ്യൽമീഡിയ ഹാന്റിലുകൾക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയിൽ അക്കൗണ്ടിനും മറ്റാർക്കും പെട്ടെന്ന് ഊഹിച്ചെടുക്കാൻ ആവാത്ത തരത്തിലുള്ള പാസ് വേഡ് ഉപയോഗിക്കുക. അവ അടിക്കടി മാറ്റുക. പാസ് വേഡ് എപ്പോഴും ഓർമ്മിച്ചുവെയ്ക്കുക. എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക.

2. ജന്മദിനം, വർഷം, മൊബൈൽ ഫോൺ നമ്പർ, വാഹനങ്ങളുടെ നമ്പർ, കുടുംബാംഗങ്ങളുടെ പേര് മുതലായവയും അവ ഉൾപ്പെടുത്തിയും പാസ് വേഡ് നിർമിക്കാതിരിക്കുക.

3. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയവ നഷ്ടപ്പെടുമ്പോൾ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൌണ്ടുകളും സുരക്ഷിതമാക്കുക.

4. സമൂഹ മാധ്യമ അക്കൌണ്ടുകൾക്ക് ദ്വിതല സുരക്ഷ (Two Step Verification) സംവിധാനം ഏർപ്പെടുത്താനുള്ള ക്രമീകരണം ഉണ്ടാകും. ഇത് തീർച്ചയായും ഉപയോഗപ്പെടുത്തുക.

4. സമൂഹമാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിൽ, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയിൽ വരുന്ന സന്ദേശങ്ങളോടും മൊബൈൽഫോണിൽ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. ഒരു കാരണവശാലും ലിങ്കുകളിൽ ക്ലിക്കു ചെയ്യാൻ പാടില്ല.

Read Also: ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം, ആളുകള്‍ ഇല്ലാത്തതിന് കുപിതനായി എം.എം മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button