ന്യൂഡൽഹി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കർണാടക സർക്കാർ. ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായ മദനിക്കെതിരെയാണ് കർണാടക സർക്കാറിന്റെ റിപ്പോർട്ട്. മദനി ഉൾപ്പെടെ 21 പ്രതികൾക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്നാണ് കർണാടകം സുപ്രീംകോടതിയെ അറിയിച്ചത്.
ഫോൺ കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതി അന്തിമ വാദം കേൾക്കുന്നത് സ്റ്റേ ചെയ്തു. അബ്ദുൾ നാസർ മദനി ഉൾപ്പെടെ 21 പ്രതികൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. പുതിയ തെളിവുകൾ പരിഗണിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Read Also: ഇന്ത്യയിൽ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ല
അതേസമയം, പുതിയ തെളിവുകൾ പരിഗണിക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം കർണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ പരിഗണിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് മദനി ഉൾപ്പെടെയുള്ള പ്രതികൾ സുപ്രീംകോടതിയിലെടുത്ത നിലപാട്.
തെളിവുകൾ ഉണ്ടായിരുന്നുവെങ്കിൽ കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തിൽ ഹാജരാക്കേണ്ടതായിരുന്നു എന്നും മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. വിചാരണ അനന്തമായി നീളുന്ന സാഹചര്യം ഇതുണ്ടാക്കുമെന്നും അഭിഭാഷകൻ വാദിച്ചു.
Post Your Comments