Latest NewsNewsIndia

ഇന്ത്യയിൽ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ല

ഭൂമിയുടെ ലഭ്യതയും, എയ‍ർലൈനുകളുടെ ആവശ്യകതയും പരിഗണിച്ചാണ് നിലവിൽ നൈറ്റ് ലാൻഡിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

ന്യൂഡൽഹി: രാജ്യത്തെ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. കുശിനഗർ വിമാനത്താവളം, ഷിംല വിമാനത്താവളം, അടുത്തിടെ ജാർഖണ്ഡിൽ ഉദ്ഘാടനം ചെയ്ത ദിയോഘർ വിമാനത്താവളം എന്നിവയെല്ലാം ഈ പട്ടികയിൽ പെടുന്നവയാണ്. എന്നാൽ, ഇത്തരം വിമാനത്താവളങ്ങൾ നവീകരിക്കാനോ സൗകര്യം മെച്ചപ്പെടുത്താനോ ഉള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ), മറ്റ് എയ‍ർപോർട്ട് അധികൃതരും ചേ‍ർന്നാണ് നവീകരണ പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പോവുന്നത്.

’25 വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭൂമിയുടെ ലഭ്യത, വാണിജ്യ സാദ്ധ്യത, സാമൂഹിക-സാമ്പത്തിക പരിഗണനകൾ, യാത്രക്കുള്ള ഡിമാൻഡ് എന്നിവ പരിഗണിച്ചായിരിക്കും. ഈ വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നതിനുള്ള എയർലൈനുകളുടെ സന്നദ്ധതയും പരിഗണിക്കും. ഭൂമിയുടെ ലഭ്യതയും, എയ‍ർലൈനുകളുടെ ആവശ്യകതയും പരിഗണിച്ചാണ് നിലവിൽ നൈറ്റ് ലാൻഡിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്’- മന്ത്രാലയം വ്യക്തമാക്കി.

Read Also: സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും: കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഹിമാചൽ പ്രദേശിലെ കുളു, ധരംശാല, ഛത്തീസ്ഗഡിലെ ബിലാസ്പൂർ, ജഗദൽപൂർ, കർണാടകയിലെ കലബു‍ർഗി, മഹാരാഷ്ട്രയിലെ കോലാപൂർ, സിന്ധുദുർഗ്, പഞ്ചാബിലെ ലുധിയാന എന്നീ വിമാനത്താവളങ്ങളെല്ലാം നൈറ്റ് ലാൻഡിങ് സൗകര്യമില്ലാത്തവയുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്.

shortlink

Post Your Comments


Back to top button