ബംഗളൂരു: പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏർപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ എല്ലാത്തരം ശിരോവസ്ത്രങ്ങൾക്കും പരീക്ഷകേന്ദ്രങ്ങളിൽ നിരോധനം ഉണ്ടാകും. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നീക്കം. കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ പങ്കെടുക്കുന്നവർ ശിരോവസ്ത്രം അണിയരുത് എന്നാണ് പുതിയ തീരുമാനം.
എന്നിരുന്നാലും, വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മംഗല്യസൂത്രങ്ങളും (വിവാഹിതരായ ഹിന്ദു സ്ത്രീകൾ ധരിക്കുന്ന കൊന്തകൾ കൊണ്ടുള്ള മാലകൾ) മോതിരവും പരീക്ഷാ ബോഡി അനുവദിച്ചു. പരീക്ഷാ അതോറിറ്റിയുടെ ഡ്രസ് കോഡിൽ നിരോധിത ഇനങ്ങളുടെ പട്ടികയിൽ ഹിജാബിനെ വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ശിരോവസ്ത്രത്തിനെതിരെയുള്ള നിയമങ്ങൾ അതിനെ തടയും.
വിദ്യാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം ധരിക്കുന്നതിനാണ് വിലക്ക്. കൂടാതെ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള പരീക്ഷകളിലെ കോപ്പിയടി തടയുന്നതിനാണ് നടപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കെ.ഇ.ഐ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. നവംബർ 18, 19 തീയതികളിൽ സംസ്ഥാനത്തുടനീളം നടക്കാനിരിക്കുന്ന വിവിധ ബോർഡ്, റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് കെഇഎയുടെ പ്രഖ്യാപനം.
Post Your Comments