പാലക്കാട്: ആഭ്യന്തര വകുപ്പിനെതിരെ പോപ്പുലർ ഫ്രണ്ട്. കേരളാ പോലീസ് മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നും, ഈ സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുൾ സത്താര്‍ പറഞ്ഞു. മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ്‌ലിംകളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിമായതിന്റെ പേരില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നതെന്നും, അടുത്തിടെയായി പോലീസ് സേനയില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു. കേസ് അന്വേഷണങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതും ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതും ഉള്‍പ്പടെയുള്ള വേട്ടയാടലുകള്‍ വഴി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സത്താർ പറയുന്നു.
Also Read:ആഴിമലയിലെ കിരണിന്റെ മരണം: പ്രധാന പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന് ബന്ധുക്കൾ
‘മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഇത്തരം സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണം. പോലീസ് സ്റ്റേഷനുകളില്‍ പൂജ നടത്തുന്നതിനും മറ്റു മതാചാരപ്രകാരം ഡ്യൂട്ടി എടുക്കുന്നതിനും അനുമതി നല്‍കുന്ന ആഭ്യന്തരവകുപ്പ് മുസ്‌ലിം പോലീസുകാര്‍ നാട്ടിലെ മഹല്ല് കൂട്ടായ്മകളിലും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാവുന്നത് അപരാധമായി കാണുന്നതിന്റെ കാരണം ദുരൂഹമാണ്. ശബരിമലയുടെ പേരില്‍ കലാപാഹ്വാനം നടത്തിയ ആര്‍എസ്എസ് നേതാവായ വര്‍ഗീയവാദി വല്‍സന്‍ തില്ലേങ്കരിക്ക് പ്രസംഗിക്കാന്‍ മൈക്ക് നല്‍കിയത് പോലീസുകാരാണ്.
ആലുവ പോലീസ് സ്റ്റേഷനില്‍ രക്ഷാബന്ധന്‍ ചടങ്ങ് നടത്തിയപ്പോഴും ആഭ്യന്തരവകുപ്പ് നിര്‍ബന്ധിത മൗനമാണ് തുടര്‍ന്നത്. ആര്‍എസ്എസ് ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ് സ്റ്റേഷനിലെത്തിയാണ് ചടങ്ങ് നടത്തിയത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളജില്‍ നിന്നും പോലീസ് സേനയിലെത്തിയ 54 പേര്‍ ആര്‍എസ്എസ് വര്‍ഗീയവാദിയായ വല്‍സന്‍ തില്ലങ്കരിക്കൊപ്പം ഫോട്ടോ എടുത്തപ്പോഴും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടായിട്ടില്ല. തത്വമസി എന്നപേരില്‍ പോലീസ് സേനയില്‍ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല. സേനയിലെ ആര്‍എസ്എസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കാനും മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിക്കുന്ന നീക്കത്തില്‍ നിന്നും ആഭ്യന്തരവകുപ്പ് പിന്മാറണം’- അബ്‌ദുൾ സത്താർ ആവശ്യപ്പെട്ടു.
Post Your Comments