Latest NewsNewsIndia

കറണ്ട് ബിൽ വന്നത് 3,419 കോടി!: ബിൽ കണ്ട് ഞെട്ടി വീട്ടമ്മ, കുഴഞ്ഞുവീണ് വൃദ്ധൻ

ഗ്വാളിയോർ: വൈദ്യുതി ബിൽ 1000 കടക്കുമ്പോൾ തന്നെ സാധാരണക്കാരന് നെഞ്ചിടിപ്പാണ്. അപ്പോൾ പിന്നെ 3,419 കോടി ഒക്കെ ബിൽ വന്നാലോ? ബോധം കെട്ട് വീഴും. അതിശയോക്തിയല്ല, അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഗ്വാളിയോറിൽ. 3,419 കോടി രൂപയാണ് വൈദ്യുതി ബില്ലിൽ കാണിച്ച തുക. ബിൽ കണ്ട് ഞെട്ടി വൃദ്ധൻ ആശുപത്രിയിലാണ്.

ഗ്വാളിയോർ സ്വദേശി പ്രിയങ്ക ഗുപ്തയ്ക്ക് ആണ് 3,419 കോടി രൂപയുടെ വൈദ്യുതി ബിൽ കിട്ടിയത്. ഗ്വാളിയോറിലെ ശിവ് വിഹാർ കോളനിയിലെ താമസക്കാരിയാണ് പ്രിയങ്ക. ബിൽ കണ്ട് ഞെട്ടി നിന്ന വീട്ടമ്മയുടെ കൈയിൽ നിന്നും ഭർത്താവിന്റെ പിതാവ് ബിൽ വാങ്ങി നോക്കി. ഇത്രയധികം തുക കണ്ടതോടെ, ഹൃദ്രോഗിയായ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ഉയർന്നു. തുടർന്ന്, ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട പിതാവിനെ വീട്ടമ്മയും അയൽക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വൈദ്യുതി ബോർഡ് നടത്തിയ അന്വേഷണത്തിൽ ബിൽ തയ്യാറാക്കിയതിലെ പാകപ്പിഴയാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തി. 1,300 രൂപയായിരുന്നു യഥാർത്ഥ ബിൽ തുക. ജീവനക്കാർക്ക് പറ്റിയ പിശകാണ് ഇത്രയും വലിയ തുക ബില്ലിൽ അടിച്ച് വരാൻ കാരണമെന്ന് പവർ കമ്പനിയുടെ ജനറൽ മാനേജർ നിതിൻ മംഗ്‌ലിക് പറഞ്ഞു. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുത്തിയ വൈദ്യുതി ബിൽ കുടുംബത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉയർന്നതിന് പിന്നാലെ, വൈദ്യുതി വകുപ്പ് ബിൽ തിരുത്തിയതായി പ്രിയങ്കയുടെ ഭർത്താവ് സജ്ജീവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button