മാഞ്ചസ്റ്റര്‍: മുന്നേറ്റനിരയിൽ പുതിയ താരങ്ങളെത്തുമ്പോൾ ടീമിന്‍റെ ശൈലിയിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം റോഡ്രി. പുതിയ ഗെയിം പ്ലാനുമായി ഇണങ്ങിച്ചേരാൻ താരങ്ങൾക്ക് കഴിയുമെന്നും പെപ് ഗാർഡിയോള ഇതുവരെ ടീമിനെ മനോഹരമായി മുന്നോട്ടുകൊണ്ടുപോയെന്നും റോഡ്രി പറഞ്ഞു.
സെർജിയോ അഗ്യൂറോ ടീം വിട്ടതിന് ശേഷം സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർ ഇല്ലാതെയാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നത്. വിംഗർമാരെയും മിഡ്‌ഫീൽഡർമാരെയും ആശ്രയിച്ചായിരുന്നു സിറ്റിയുടെ മുന്നേറ്റം. പുതിയ സീസണിന് ഇറങ്ങും മുമ്പ് രണ്ട് ഗോളടിവീരൻമാരെ സിറ്റി തങ്ങളുടെ തട്ടകത്തിലെത്തിച്ചു. ഡോർട്ട്മുണ്ടിന്‍റെ എർലിംഗ് ഹാലൻഡിനെയും അർജന്റീനിയൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനേയും. കൂടാതെ, സ്റ്റെഫാൻ ഒർട്ടേഗ, കാൽവിൻ ഫിലിപ്സ് എന്നിവരെയും സിറ്റി ഇത്തിഹാദിൽ എത്തിച്ചുകഴിഞ്ഞു.
‘ഹാലൻഡും അൽവാരസും ടീമിലേക്ക് എത്തുമ്പോൾ ഇതുവരെ പിന്തുടർന്ന ഫാൾസ് നയൻ ശൈലി മാറേണ്ടിവരും. മുന്നേറ്റനിരയിൽ പുതിയ താരങ്ങളെത്തുമ്പോൾ ടീമിന്‍റെ ശൈലിയിൽ മാറ്റം വരുമെന്ന് ഉറപ്പാണ്. കോച്ച് പെപ് ഗാർഡിയോള ഇതുവരെ ടീമിനെ മനോഹരമായി മുന്നോട്ടുകൊണ്ടുപോയി. ഇനിയും ഈ മികവ് തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ. മാറ്റങ്ങൾ എങ്ങനെയായിരിക്കുമെന്ന് കോച്ചാണ് തീരുമാനിക്കുക’ റോഡ്രി പറഞ്ഞു.
Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ഹാലൻഡിനെയും അൽവാരസിനെയും സിറ്റി സ്വന്തമാക്കിയപ്പോൾ റഹിം സ്റ്റെർലിംഗും ഗബ്രിയേൽ ജെസ്യൂസും ടീം വിട്ടു. സ്റ്റെർലിംഗിനെ ചെൽസിയും ജെസ്യൂസിനെ ആഴ്സണലുമാണ് സ്വന്തമാക്കിയത്. അതേസമയം, പ്രീ സീസൺ മത്സരത്തിൽ സിറ്റി ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി. ഹാലൻഡാണ് സിറ്റിയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഈ മാസം 30ന് കമ്മ്യൂണിറ്റി ഷീൽഡിൽ സിറ്റി ലിവർപൂളിനെ നേരിടും. സിറ്റിയുടെ സീസണിലെ ആദ്യ ഫൈനലാണിത്. പ്രീമിയർ ലീഗിൽ ഓഗസ്റ്റ് ഏഴിന് വെസ്റ്റ് ഹാമിന് എതിരെയാണ് സിറ്റിയുടെ ആദ്യ മത്സരം.
Post Your Comments