മലപ്പുറം: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അനില്‍കുമാറാണ് വിധി പറഞ്ഞത്. ഒന്‍പതും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആണ് ശിക്ഷ.
2016-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് രണ്ട് കേസുകളായി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇരുമ്പ് കമ്പി കൊണ്ട് വരയുമെന്നും കത്തി കൊണ്ട് കോഴിയെ അറക്കുന്ന പോലെ അറക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പതിനൊന്ന് വയസ്സുകാരിയെ ഇയാൾ ക്രൂരമായി ആക്രമിച്ചത്. ഒമ്പത് വയസ്സുകാരിയെ 2012 മുതൽ 2016 വരെ പെരിന്തൽമണ്ണ കക്കൂത്ത് ഉള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലും പ്രതിയുടെ സഹോദരൻ്റെ പണി നടക്കന്ന വീട്ടിലും വച്ചാണ് പീഡിപ്പിച്ചത്.
ഒന്‍പതുകാരിയുടെ കേസില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍ തന്നെ ഐ.പി.സിയിലെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ രണ്ട് വകുപ്പുകള്‍ പ്രകാരം പത്തും ഏഴും വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പ്രോസികൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
രണ്ടാമത്തെ കേസിലും പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി പ്രകാരം ഇതിലും പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴ സംഖ്യ കുട്ടികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഇതില്‍, 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കി. കേസുകളില്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.എം സിദ്ദീഖ്, സാജു കെ. അബ്രഹാം, ജോബി തോമസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളിലും പ്രോസികൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ സപ്‌ന പി. പരമേശ്വരവും പ്രതിഭാഗത്തിനായി അഡ്വ. ബി.എ ആളൂരും ഹാജരായി.
Post Your Comments