കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ ആക്ടിംഗ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ വിജയിച്ചു. റെനില്‍ വിക്രമസിംഗെ അധികാരമൊഴിയണമെന്ന് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ്, അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. റെനില്‍ വിക്രമസിംഗെ 134 വോട്ടുകൾ നേടി. രണ്ടാം സ്ഥാനത്തെത്തിയ ഡള്ളസ് അലഹപ്പെരുമയ്ക്ക് 82വോട്ടുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 110 വോട്ടുകളായിരുന്നു വേണ്ടത്.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ തിരഞ്ഞെടുത്തത് ജനങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചനയാണിപ്പോള്‍ ലഭിക്കുന്നത്. നാടുവിട്ട് ഓടിയ ശേഷം പ്രസിഡന്റു പദം രാജിവച്ച ഗോതബയ രജപക്‌സെയോട് അടുപ്പമുള്ള വ്യക്തിയാണ് റെനിലെന്നും ഗോതബയയുടെ ശുപാര്‍ശയിലാണ് റെനില്‍ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റതെന്നും പ്രക്ഷോഭകർ പറയുന്നു.
രജപക്‌സെ സഹോദരന്മാരുടെ നിയന്ത്രണത്തിലുള്ള ശ്രീലങ്കയിലെ ഭരണപക്ഷ പാര്‍ട്ടിയുടെ പിന്തുണയിലാണ് റെനില്‍ വിജയിച്ചത്. രജപക്‌സെയുടെ നയങ്ങളെ അനുകൂലിക്കുന്ന ആരേയും അനുകൂലിക്കില്ല എന്ന നിലപാടിലാണ് ജനങ്ങള്‍. എന്നാൽ, എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ താൻ തയ്യാറാണെന്നും പാര്‍ലമെന്റ് ചേംബറിന് പുറത്ത് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും റെനില്‍ വിക്രമസിംഗെ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
Post Your Comments