അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നതായി മധുവിന്റെ സഹോദരി. കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദമുണ്ടെന്നും മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു.
കേസില്‍ നിന്ന് പിന്മാറിയാല്‍ 40 ലക്ഷം രൂപയുടെ വീട് നിര്‍മ്മിച്ച് നല്‍കാമെന്നാണ് പ്രദേശവാസിയുടെ വാഗ്ദാനമെന്നും അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണിയുണ്ടെന്നും മണ്ണാര്‍ക്കാടേക്ക് താമസം മാറാന്‍ പോകുകയാണെന്നും സരസു പറഞ്ഞു. സംരക്ഷണമാവശ്യപ്പെട്ട് മധുവിന്റെ കുടുംബം എസ്.പിക്ക് നിവേദനം നല്‍കി.
അതേസമയം, മധു കേസില്‍ പന്ത്രണ്ടാം സാക്ഷിയും കൂറുമാറി. വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ല എന്നും നേരത്തെ പോലീസ് സമ്മര്‍ദ്ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ കേസിലെ പത്തും പതിനൊന്നും സാക്ഷികള്‍ കൂറുമാറിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണനും മധുവിന്റെ ബന്ധുകൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് നേരത്തെ കൂറുമാറിയത്.
Post Your Comments