അലഹബാദ്: അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ പ്രധാനമന്ത്രിയെ എന്തും പറയാനുള്ള അവകാശമാണെന്ന് അർത്ഥമില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മുംതാസ് മൻസൂരിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തനിക്കെതിരെ പോലീസ് എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുംതാസ് മൻസൂരി ഹർജി സമർപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള മൗലികാവകാശത്തിന് ന്യായമായ നിയന്ത്രണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉൾപ്പെടെയുള്ളവരെയായിരുന്നു മൻസൂരി ഫേസ്‌ബുക്കിലൂടെ അപമാനിച്ചത്. ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, രാജേന്ദ്ര കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. പ്രധാനമന്ത്രിയെയും ഇന്ത്യൻ സർക്കാരിലെ മറ്റ് മന്ത്രിമാരെയും ഒരാൾക്ക്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 504 (മനപ്പൂർവം അപമാനിക്കൽ) ഉൾപ്പെടെയുള്ള നിരവധി വകുപ്പുകൾ പ്രകാരം ആണ് മൻസൂരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും മറ്റ് മന്ത്രിമാരെയും ‘നായ’ എന്ന് പരാമർശിച്ചത് പ്രതിഷേധ സൂചകമായിട്ടാണെന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്. എന്നാൽ, സമാധാന ലംഘനം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതി, മൻസൂരിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പറഞ്ഞു.
Post Your Comments