ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നിർണ്ണായക കണ്ടെത്തലയുമായി പ്രത്യേക അന്വേഷണ സംഘം എസ്.ഐ.ടി. നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായും ഗുജറാത്തില്‍ അധികാരത്തിലിരുന്ന മോദിസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍, മുപ്പതുലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ച് നല്‍കിയെന്നും അന്വേഷണസംഘം പറയുന്നു. എസ്.ഐ.ടി. അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുന്‍ രാജ്യസഭാംഗവും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ഡല്‍ഹിയില്‍ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായും തീസ്ത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബി.ജെ.പി. നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാന്‍ ഈ കൂടിക്കാഴ്ചകളില്‍ തീരുമാനമായിരുന്നതായി സത്യവാങ്മൂലത്തില്‍ പ്രത്യേക അന്വേഷണ സംഘം അവകാശപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് വ്യാജരേഖകള്‍ നല്‍കിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത തീസ്ത സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ ഗൂഢാലോചന നടത്തിയത് എന്നാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്.
Post Your Comments