ന്യൂഡൽഹി: പാകിസ്ഥാന്റെ മുതിർന്ന കോളമിസ്റ്റായ നുസ്രത്ത് മിർസ അടുത്തിടെ ഷക്കിൽ ചൗധരിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. 2005 നും 2011 നും ഇടയിൽ താൻ പലതവണ ഇന്ത്യ സന്ദർശിച്ചതായും പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് തന്റെ സന്ദർശനവേളയിൽ താൻ ശേഖരിച്ച വിവരങ്ങൾ കൈമാറിയതായും പാക് യൂട്യൂബറുമായുള്ള അഭിമുഖത്തിൽ മിർസ അവകാശപ്പെട്ടു. അന്നത്തെ ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും മിർസ പറഞ്ഞു.
സാധാരണ ഇന്ത്യയിലേക്ക് വിസ അനുവദിക്കുമ്പോൾ മൂന്ന് സ്ഥലങ്ങൾ സന്ദർശിക്കാൻ മാത്രമേ അനുവദിക്കൂ. എന്നാൽ, അക്കാലത്ത് ഏഴ് നഗരങ്ങളിലേക്ക് വിസ ലഭിക്കാൻ തന്നെ സഹായിച്ചത് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഖുർഷിദ് കസൂരിയായിരുന്നു എന്ന് ഇയാൾ പറയുന്നു. അങ്ങനെ, 2005 ൽ ചണ്ഡീഗഢിലും 2006 ൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കൊൽക്കത്ത, പട്‌ന, തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട് എന്നും ഇയാൾ സമ്മതിക്കുന്നു.
ഇന്ത്യയുടെ എല്ലാ മേഖലകളിലും വിഘടനവാദികൾ പ്രവർത്തിക്കുന്നുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. കശ്മീരിലും ബംഗാളിലുമാണ് പ്രധാനമായും ഇത്തരം മൂവ്‌മെന്റുകൾ നടത്തുന്നത്. എന്നാൽ ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് അവ വളരാതിരിക്കുന്നത് എന്നും മിർസ പറഞ്ഞു. ഇന്ത്യയിലെ ഉറുദു പത്രങ്ങളുടെ എല്ലാ എഡിറ്റർമാരുമായും എന്റെ ചങ്ങാതികളായിരുന്നു . പല വാർത്താ ചാനൽ ഉടമകളും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇന്ത്യ സന്ദർശിച്ചപ്പോഴെല്ലാം അവർക്ക് ഞാൻ നിരവധി അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്’ മിർസ പറഞ്ഞു.
ഇന്ത്യയിൽ 29 സംസ്ഥാനങ്ങളുണ്ട്. അതിൽ 15 എണ്ണം ഞാൻ സന്ദർശിച്ചിട്ടുണ്ട്. അക്കാലത്ത് ലോക്‌സഭയിലും രാജ്യസഭയിലും 56 മുസ്ലീം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവർ എല്ലാവരുമായും തനിക്ക് സൗഹൃദബന്ധമുണ്ടായിരുന്നു. അവർ നിരവധി സഹായങ്ങളും ചെയ്ത് തന്നിട്ടുണ്ട്. 60-കളിലെ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും മിർസ വാദിച്ചു. 2010 ൽ അന്നത്തെ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി തീവ്രവാദത്തെക്കുറിച്ചുള്ള ഒരു സെമിനാറിലേക്ക് തന്നെ ക്ഷണിച്ചതായി മിർസ പറഞ്ഞു .
രാജ്യത്ത് നിന്നും ഇത്തരത്തിൽ നിരവധി വിവരങ്ങളും ചോർത്തി നൽകിയിട്ടുണ്ട്. പക്ഷേ, പാകിസ്ഥാനിൽ മികച്ച നേതൃത്വത്തിന്റെ അഭാവം കാരണം ഇന്ത്യയെക്കുറിച്ച് താൻ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കപ്പെട്ടില്ല. 2011ലെ ഇന്ത്യാ സന്ദർശന വേളയിൽ, ദ മില്ലി ഗസറ്റിന്റെ പബ്ലിഷറായ സഫറുൽ ഇസ്ലാം ഖാനെ കണ്ടിരുന്നതായും മിർസ പറഞ്ഞു. ഇന്ത്യയിൽ നിന്നും ചോർത്തിയെടുത്ത വിവരങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാതിരുന്ന പാകിസ്ഥാനിലെ രാഷ്‌ട്രീയ നേതാക്കളെയും മിർസ കുറ്റപ്പെടുത്തി.
പാകിസ്ഥാനിൽ ഒരു പുതിയ ചീഫ് വരുമ്പോൾ, അദ്ദേഹം മുൻ മേധാവി ചെയ്ത ജോലികൾ തുടച്ചുനീക്കും. താൻ നൽകിയ വിവരങ്ങൾ സൈനിക വിഭാഗം ഉപയോഗിപ്പെടുത്താൻ ശ്രമിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ നേതൃത്വത്തിന്റെ ദൗർബല്യങ്ങളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. എന്നാൽ, അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്ക് കണ്ടെത്താനായില്ല. എഫ്എടിഎഫ് വന്നതിന് ശേഷം പാകിസ്ഥാൻ ഇന്ത്യയിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും മിർസ പറഞ്ഞു. പാകിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ പാക്കിസ്ഥാനുമായി സമാധാനം പുലർത്താൻ ഇന്ത്യക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ സുപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനമാണെങ്കിലും, അത് പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 2019 ഓഗസ്റ്റ് 5-ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി, ഇത് നയതന്ത്രബന്ധം ഇല്ലാതാക്കുകയും ഇന്ത്യൻ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തു. ഭീകരത, ശത്രുത, അക്രമം എന്നിവയില്ലാത്ത അന്തരീക്ഷത്തിൽ മാത്രം പാകിസ്ഥാനുമായി സാധാരണ അയൽപക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യയിലെ യുപിഎ സർക്കാരിന്റെ കാലത്തെ ചാരപ്രവർത്തനത്തെ കുറിച്ച് മാധ്യമപ്രവർത്തകൻ തന്നെ വെളിപ്പെടുത്തുന്നത്.
Post Your Comments