പാലക്കാട്: എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേരു വിളിച്ചു, ആദിവാസി വീടുകൾ കത്തിച്ചു തുടങ്ങിയ പരാതിയിലാണ് അറസ്റ്റ്. ഒരു വർഷം മുൻപ് ഷോളയൂർ സ്വദേശിയാണ് അജി കൃഷ്ണനെതിരെ പരാതി നൽകിയത്. വിദേശത്തായിരുന്ന അജി കൃഷ്ണൻ നാട്ടിൽ എത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആര്‍.ഡി.എസ്. സ്വപ്നയ്ക്ക് ജോലി നൽകിയതിനെത്തുടർന്ന് പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് നേരത്തെ, എച്ച്.ആര്‍.ഡി.എസ്. അധികൃതർ രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്ന് സ്വപ്നയെ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
അതേസമയം, മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തിയ അജി കൃഷ്ണനെ തിരിച്ചു പോരുമ്പോള്‍, വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ വ്യക്തമാക്കി.
Post Your Comments