തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ രംഗത്ത്. ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണമെന്ന് മുരളീധരൻ പറഞ്ഞു. നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവനയെന്നും സതീശൻ ‘വിചാരധാര’ വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. നേരത്തെ, ആർ.എസ്.എസിനെ ഇത്തരത്തിൽ വിമർശിച്ചത് മുഖ്യമന്ത്രിയായിരുന്നു എന്നും അവർ ഒറ്റയ്ക്ക് വോട്ട് കൊണ്ടുപോകേണ്ട എന്ന് കരുതിയാകും സതീശന്റെ നിലപാടെന്നും മുരളീധരൻ പറഞ്ഞു.
ഗോൾവാൾക്കറിനെതിരായ വിവാദ പ്രസ്താവനയെത്തുടർന്ന് വി.ഡി സതീശന് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. മുന്‍ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം ആർ.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്‍റെ ‘വിചാരധാര’ എന്ന പുസ്‍തകത്തില്‍ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സതീശന്റെ പ്രസ്താവന. ഭരണഘടനയെ വിമര്‍ശിച്ചുള്ള സജി ചെറിയാന്‍റെ പ്രസംഗം വിവാദമായതിന് പിന്നാലെയായിരുന്നു വി.ഡി. സതീശൻ വിവാദ പരാമർശം നടത്തിയത്.
ഇതേത്തുടർന്നാണ് ആർ.എസ്.എസ് വി.ഡി. സതീശന് വക്കീൽ നോട്ടീസ് അയച്ചത്. സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയിൽ എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിന്‍വലിക്കണമെന്നും ആർ.എസ്.എസ്. ഇല്ലെങ്കില്‍, സതീശനെതിരായി നിയമനടപടി സ്വീകരിക്കുമെന്നും ആർ.എസ്.എസ് വക്കീൽ നോട്ടീസിൽ വ്യക്തമാക്കി.
Post Your Comments