കോഴിക്കോട്: നിയുക്ത രാജ്യസഭാ എം.പി പി.ടി. ഉഷയ്‌ക്കെതിരായ എളമരം കരീം എം.പിയുടെ പരാമർശം അപലപനീയമാണെന്നും എളമരം കരീമിനെ തിരുത്താൻ സി.പി.എം പൊളിറ്റ് ബ്യൂറോ തയ്യാറാകണമെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
കേരളത്തിന് അങ്ങേയറ്റം അപമാനമായി മാറിയ പ്രസ്താവന തിരുത്താൻ കരീം തയാറാകണമെന്നും ഭരണഘടനാനുസൃതമായി നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയെ അപമാനിക്കുന്നത് രാജ്യസഭയെയും ഭരണഘടനയെ തന്നെയും അപമാനിക്കുന്നതിനു തുല്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കല, സാഹിത്യം, കായികം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ സംഭാവന നൽകിയ മഹാന്മാരായ പലരും കേരളത്തിൽനിന്ന് ഇതിനു മുൻപും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പി.കെ.കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
‘1959ൽ കേരളത്തിൽനിന്ന് കെ.എം.പണിക്കർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1968ൽ ജി.ശങ്കരക്കുറുപ്പിനെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. 2016ൽ സുരേഷ് ഗോപിയും ഇപ്പോൾ പി.ടി.ഉഷയും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ലത മങ്കേഷ്കർ, എം.എസ്.സ്വാമിനാഥൻ, ഹേമ മാലിനി തുടങ്ങി സച്ചിൻ തെൻഡുൽക്കർ വരെയുള്ള പ്രഗൽഭരെപ്പോലെ യോഗ്യത പി.ടി.ഉഷയ്ക്കുമുണ്ടെന്ന് രാജ്യവും, പ്രധാനമന്ത്രിയും പറയുന്നു. തൊഴിലാളികളെ ചൂഷണം ചെയ്തും കുതികാൽ വെട്ടിയും രാഷ്ട്രീയ നേതാവായ എളമരം കരീമിന് ഉഷയുടെ യോഗ്യത മനസ്സിലാകണമെന്നില്ല,’ കൃഷ്ണദാസ് പറഞ്ഞു.
Post Your Comments