തിരുവനന്തപുരം: സംസ്ഥാനത്തെ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ ചികിത്സയ്ക്കായി ദൂരത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ സമീപ ആശുപത്രികളിൽ കാൻസർ തുടർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഈ കേന്ദ്രങ്ങളിലെ സ്‌ക്രീനിംഗിലൂടെ 4972 പുതിയ കാൻസർ രോഗികളെയാണ് കണ്ടെത്തി ചികിത്സ നൽകിയത്. ഈ കേന്ദ്രങ്ങൾ വിപുലപ്പെടുത്തി കീമോ തെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി വരുന്നു. കൂടുതൽ ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം ആർ.സി.സി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നിവയുമായി സഹകരിച്ചാണ് കാൻസർ ചികിത്സ ഈ കേന്ദ്രങ്ങളിലൂടെ യാഥാർത്ഥ്യമാക്കിയത്. ആദ്യ തവണ മെഡിക്കൽ കോളേജുകൾ, ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള കേന്ദ്രങ്ങളിലെത്തിയാൽ മതിയാകും. കാൻസർ സ്‌ക്രീനിംഗ്, അനുബന്ധ കാൻസർ ചികിത്സാ സേവനങ്ങൾ, മരുന്നുകൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ തൊട്ടടുത്തുള്ള ഈ ആശുപത്രികളിൽ നിന്നും ലഭിക്കും.
Post Your Comments