കൊച്ചി: ഷമ്മി തിലകനെതിരായ ‘അമ്മ’യുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി രംഗത്ത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാർക്കെതിരായ നടപടികൾ ദൗർഭാഗ്യകരമാണെന്ന്, രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. ബലാൽസംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു സംഘടനയിൽ തുടരുകയുകയാണെന്നും ഇത് മാഫിയാവൽക്കരണമാണെന്നും രഞ്ജിനി വ്യക്തമാക്കി.
എം.എൽ.എമാരായ ഗണേഷ് കുമാറിനെതിരെയും മുകേഷിനെതിരെയും നടി തന്റെ കുറിപ്പിൽ രൂക്ഷ വിമർശനമുന്നയിച്ചിട്ടുണ്ട്. സംഘടനയിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ മണ്ഡലത്തിലെ സാധാരണക്കാർക്കുവേണ്ടി എന്താണു ചെയ്യുക എന്ന് ഇരുവരോടുമായി രഞ്ജിനി ചോദിച്ചു.
‘മറന്നുവെച്ച ബാഗ് യു.എ.ഇയിൽ എത്തിച്ചത് കൗൺസിൽ ജനറലിന്‍റെ സഹായത്താൽ’: എം. ശിവശങ്കർ നൽകിയ മൊഴി പുറത്ത്
യുവനടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ വിജയ് ബാബു കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡിയോഗത്തിൽ പങ്കെടുത്തിരുന്നു. പീഡനക്കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയിൽ നിന്നും എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന്, വിജയ് ബാബു അംഗമായ മറ്റ് ക്ലബ്ബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്നായിരുന്നു ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്‍റെ പ്രതികരണം. ‘അമ്മ’യും അതുപോലൊരു ക്ലബ്ബാണെന്നുള്ള ഇടവേള ബാബുവിന്റെ പരാമർശം ഏറെ വിവാദമായിരുന്നു.
ഇതേതുടർന്ന്, ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് നടൻ ജോയ് മാത്യു കത്തയച്ചു. മാന്യമായ മറ്റൊരു ക്ലബിൽ തനിക്ക് അംഗത്വമുണ്ട് എന്നും ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ല എന്നും ജോയ് മാത്യു കത്തിൽ വ്യക്തമാക്കി. ‘ക്ലബ്ബ്’ എന്ന പദപ്രയോഗം തിരുത്തുകയോ, അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണം എന്നും ജോയ് മാത്യു കത്തിൽ ആവശ്യപ്പെട്ടു.
Post Your Comments