ഡൽഹി: മതവിദ്വേഷം വളര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച്, പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഹമ്മദ് സുബൈർ 2018ല്‍ ചെയ്ത ട്വീറ്റ്, മതവിദ്വേഷം വളര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. അതേസമയം, മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് സത്യത്തിനെതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ആരോപിച്ചു.
‘വ്യാജവാര്‍ത്തകള്‍ തുറന്ന് കാട്ടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. ആരു തെറ്റ് ചെയ്താലും അവര്‍ അസത്യങ്ങളെ പൊളിച്ചെഴുതും. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിനെതിരായ ആക്രമണമാണ്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം,’ പോലീസ് നടപടിയെ വിമര്‍ശിച്ച് തരൂര്‍ ട്വിറ്ററിൽ വ്യക്തമാക്കി.
ബഹ്‌റൈനിലെ ലേബർ ക്യാമ്പിൽ തീപിടുത്തം
‘ബി.ജെ.പിയുടെ വിദ്വേഷവും മതാന്ധതയും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണ്. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമര്‍ത്തിയാല്‍ ആയിരം ശബ്ദം ഉയര്‍ന്നു വരും. സ്വേച്ഛാധിപത്യത്തിന് മേല്‍ സത്യം എപ്പോഴും വിജയിക്കും,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
‘മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഫിക്ഷനിലെ വസ്തുത പരിശോധിക്കുന്നത് ഏറ്റവും വലിയ കുറ്റമായിരുന്നോ?’ എന്നും ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍ പിണറായി വിജയൻ നിർത്തണം: കെ.സി. വേണുഗോപാൽ
അതേസമയം, ‘സ്പെഷ്യല്‍ സെല്‍’ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്നാണ് ഡല്‍ഹി പോലീസ് നൽകുന്ന വിശദീകരണം. മുഹമ്മദ് സുബൈറിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ട് മുഹമ്മദ് സുബൈറിനെ ചൊവ്വാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
Post Your Comments