കൊല്ലം: വീട്ടുജോലിക്കായി കുവൈറ്റിലേക്ക് കൂട്ടിപോയ പത്തനാപുരം സ്വദേശിയായ ആദിവാസി യുവതിക്ക് കുവൈറ്റിലെ തൊഴിലുടമയിൽ നിന്നും ഇടനിലക്കാരിയിൽ നിന്നും നേരിട്ടത് കൊടിയ പീഡനം. കുവൈറ്റിൽ നിന്ന് നോര്‍ക്കാ റൂട്സിന്റെയും രാഷ്ട്രീയ നേതാക്കളുടേയും ഇടപെടലോടെ രക്ഷപ്പെട്ടെത്തിയ കൊല്ലം പത്തനാപുരം സ്വദേശിയായ ആദിവാസി യുവതി ശാലിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്.
നീണ്ട നാളുകൾ ഭക്ഷണമില്ലാതെ ശാലിനിക്ക് വിശന്നു തളർന്നു ഉറങ്ങേണ്ടി വന്നു. മിക്ക ദിവസവും ഒരു കുബ്ബൂസ് മാത്രം കഴിക്കാൻ നൽകുമായിരുന്നു. തൊഴിലുടമ പതിവായി മർദ്ദിക്കുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചാൽ കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത് – യുവതി പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ കുടുംബ ഭാരം മുഴുവൻ ശാലിനിയുടെ തലയിലാവുകയായിരുന്നു.
പകുതി കെട്ടിയ വീട് പൂർത്തിയാക്കുക, രണ്ടു മക്കളേ പഠിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളുമായി കടം വാങ്ങി പണം നൽകി, ഏറെ സ്വപ്നങ്ങളുമായാണ് ശാലിനി കുവൈറ്റിലേക്ക് വിമാനം കയറുന്നത്. കുളത്തുപ്പുഴ സ്വദേശി മേരിയാണ് ക്ലീനിംഗ് സ്റ്റാഫ് എന്ന പേരിൽ ശാലിനിയെ ഗൾഫിലെത്തിക്കുന്നത്. കുവൈറ്റിൽ ചെന്നയുടൻ ലൈംഗിക തൊഴിലാളിയാകാൻ ഇടനിലക്കാരിയായ മേരി നിര്‍ബന്ധിക്കുകയായിരുന്നു. യുവതി വഴങ്ങാതായതോടെ തൊഴിലുടമയായ അറബിയും മേരിയും ചേര്‍ന്ന് ക്രൂരമായ മർദ്ദന മുറകൾ ആരംഭിച്ചു.
ദിവസവും കഴിക്കാൻ നൽകിയത് ആകെ ഒരു കുബ്ബൂസ്. ദുരിതജീവിതം വീട്ടിൽ വിളിച്ചു പറഞ്ഞതോടെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണി ഉണ്ടായി. നോര്‍ക്കാ റൂട്സിന്റെയും രാഷ്ട്രീയ നേതാക്കളുടേയും ഇടപെടലോടെയാണ് ശാലിനിക്ക് രക്ഷപെട്ടു വരാനായത്. നാട്ടിലെത്തിയ ശാലിനി മേരിക്കെതിരെ പത്തനാപുരം പൊലീസിൽ പരാതി നൽക്കുകയായിരുന്നു. താൻ ജോലി ചെയ്തിടത്ത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്ത്രീയും രക്ഷപ്പെടാനാകാതെ കുടുങ്ങി കിടക്കുകയാണെന്നും യുവതി പറഞ്ഞു.
Post Your Comments