അമരാവതി: രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി. ദ്രൗപതി മുർമുവിന്റേത് സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വമാണെന്നും എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യത്തിന് താൻ നൽകുന്ന പ്രാധാന്യത്തിന് അനുസൃതമായാണ് ഇവരുടെ സ്ഥാനാർത്ഥിത്വമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ വിജയ് സായ് റെഡ്ഡിയും, മിഥുൻ റെഡ്ഡിയും പാർട്ടിയെ പ്രതിനിധീകരിച്ച് നാമനിർദ്ദേശ പ്രക്രിയയിൽ പങ്കെടുക്കുമെന്നും പാർട്ടിയിറക്കിയ പ്രസ്താവനയിൽ ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി.
എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസിന് നാല് ശതമാനം വോട്ടുവിഹിതം ഉണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി, ഈ സമുദായങ്ങളുടെ ഉന്നമനത്തിന് മുഖ്യമന്ത്രി വലിയ പ്രാധാന്യം നൽകുന്നുണ്ട്. മന്ത്രിസഭയിൽ 70 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തുവെന്നും പ്രസ്താവനയിൽ പറയുന്നു. വൈ.എസ്.ആർ കോൺഗ്രസും പിന്തുണച്ചതോടെ ദ്രൗപതി മുർമുവിന് വിജയ സാധ്യതയേറിയിരിക്കുകയാണ്.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
അതേസമയം, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉന്നത പദവിയിലേക്ക് പട്ടിക വർഗ്ഗത്തിൽ നിന്നൊരു വനിതയെ സ്ഥാനാർത്ഥിയാക്കിയതിൽ സന്തോഷമുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അവർ നാമനിർദേശ പത്രിക സമർപ്പിക്കും.
Post Your Comments