ബെംഗളുരു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ ഇന്നെത്തും. ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഗ്നിപഥ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പരിപാടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ പൂർണ്ണമായി ശീതീകരിച്ച റെയിൽവേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൊങ്കൺ റെയിൽവേയുടെ വൈദ്യുതിവത്കരണം നൂറ് ശതമാനം പൂർത്തിയാകുന്നതോട് അനുബന്ധിച്ചുള്ള ചടങ്ങിലും മോദി പങ്കെടുക്കും. ബെംഗളുരുവിലെ പുതിയ ടെക്നോളജി ഹബ്ബുകൾക്ക് തുടക്കം കുറിക്കും.
ബെംഗളുരു സബർബൻ റെയിൽ പദ്ധതിക്കും തറക്കലിടും. അംബേദ്കർ യൂണിവേഴ്സിറ്റിയുടെ പുതിയ കോളേജും മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന്, അന്താരാഷ്ട്ര യോഗ ദിന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മൈസൂരുവിലേക്ക് തിരിക്കും.
Post Your Comments