കൊച്ചി: ബ്രെയിൻ ട്യൂമർ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും, വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റർ മെഡ് സിറ്റി സംരംഭമായ ഹെഡ് സ്റ്റാർട്ടുമായി കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികളായ നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും സഹകരിക്കുന്നു. കഴിഞ്ഞ ദിവസം, ആസ്റ്റർ മെഡ് സിറ്റിയിൽ വച്ചു നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളും സാമ്പത്തിക സഹായം കൈമാറി.
ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമായ ഹെഡ്സ്റ്റാർട്ട് തുടങ്ങി, ചുരുങ്ങിയ കാലയളവിനുള്ളിൽ അർഹരായ നിരവധി കുട്ടികൾക്കാണ് സഹായം ലഭ്യമാക്കിയത്. കുട്ടികളുടെ ചികിത്സ, അവരുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, തുടർചികിത്സ, കൗൺസിലിംഗ് തുടങ്ങിയ കാര്യങ്ങളാണ് ഹെഡ്സ്റ്റാർട്ട് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗദ്ധരുമായി സഹകരിച്ചുള്ള ഗവേഷണം, ബ്രെയിൻ ട്യൂമറിനെ കുറിച്ചും, രോഗാവസ്ഥ എങ്ങനെ നേരത്തേ തിരിച്ചറിയാം തുടങ്ങിയതിനെ കുറിച്ചുള്ള ബോധവത്കരണവും ഹെഡ് സ്റ്റാർട്ടിന്റെ മറ്റു പ്രധാന ലക്ഷ്യങ്ങളാണ്. കോർപ്പറേറ്റ് സി.എസ്.ആർ ഫണ്ട്, രാജ്യാന്തര കോൺഫറൻസുകൾ, മറ്റ് സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെയാണ് ഹെഡ്സ്റ്റാർട്ടിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതിയിൽ നിരവധി സ്ഥാപനങ്ങൾ ഇതിനോടകം സഹകരിച്ചു കഴിഞ്ഞു. പദ്ധതിയിലേക്ക് ഇനിയും കൂടുതൽ സ്ഥാപനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. ബ്രയിൻ ട്യൂമർ ചികിത്സയുടെ ഉയർന്ന ചിലവ് മൂലം, നിർധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ജീവൻ അപകടത്തിലാകരുതെന്ന ചിന്തയാണ് ഹെഡ്സ്റ്റാർട്ടിന് രൂപം നൽകാൻ ആസറ്ററിനെ നയിച്ചതെന്ന്, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
കേരളത്തിന്റെ വ്യവസായിക ഭൂപടത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് പ്രമുഖ സ്ഥാപനങ്ങൾ പദ്ധതിയുമായി കൈകോർക്കുന്നത് ഇരട്ടി ഊർജ്ജമാണ് നൽകുന്നതെന്നും അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുകയാണ് ഹെഡ് സ്റ്റാർട്ട് എന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി.
പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി
മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആസ്റ്റർ മെഡ് സിറ്റിയുമായി സഹകരിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവൻ രക്ഷാ ഉദ്യമമായ ഹെഡ് സ്റ്റാർട്ടിന്റെ ഭാഗമാകുന്നതിൽ ഏറെ സംതൃപ്തിയുണ്ട്. ജിയോജിത്ത് ചെയർമാൻ സിജെ ജോർജ്ജ് പറഞ്ഞു.
ഒരമ്മയെന്ന നിലയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നാസ്നീൻ ജഹാൻഗീർ പറഞ്ഞു. തുടർന്നും എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും അവർ കൂട്ടിചേർത്തു. ചികിത്സ സഹായം ആവശ്യമുള്ളവർ സാമ്പത്തിക പിന്നാക്കം വ്യക്തമാക്കുന്ന രേഖകൾ സഹിതം 81378 66888 എന്ന നമ്പറിൽ ബന്ധപ്പെടാം.
Post Your Comments