
ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ എയർ ഹോസ്റ്റസ് ലൈംഗികപീഡനത്തിനിരയായ സംഭവത്തിൽ പ്രതി പിടിയിൽ. ദീപക് എന്ന യുവാവാണ് അറസ്റ്റിലായത്. യുവതി ചികിത്സയിലായിരുന്ന ആശുപത്രിയിലെ ടെക്നീഷ്യനാണ് ഇയാൾ. ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യുവതി പീഡനത്തിനിരയായത്. യുവതി പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ട്രെയിനിങിൽ പങ്കെടുക്കാനാണ് എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലായ യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്നായിരുന്നു യുവതിയുടെ പരാതി. ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.
അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റടക്കം പൊലീസ് പരിശോധിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയതെന്നാണ് വ്യക്തമാകുന്നത്. നേരത്തെ പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് പൊലീസിനോട് കമ്മീഷൻ നിർദേശിച്ചത്. ഏപ്രിൽ ആറിനാണ് യുവതി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിന് ഇരയായത്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നുമായിരുന്നു മേദാന്ത ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നത്.
ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഏപ്രിൽ ആറിനാണ് വെന്റിലേറ്ററിൽ കഴിയവെ ലൈംഗിക പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രിൽ 13ന് ഡിസ്ചാർജ് ആയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.
Post Your Comments