ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ നേരിയ തോതിൽ നിറം മങ്ങി പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്ത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ ജിയോജിത്തിന്റെ സംയോജിത ലാഭം 22.08 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ 30.15 കോടി രൂപയേക്കാൾ 27 ശതമാനം കുറവാണ് ഇത്തവണത്തെ ലാഭം. കമ്പനിയുടെ മൊത്ത വരുമാനം പാദാടിസ്ഥാനത്തിൽ 116.83 കോടി രൂപയിൽ നിന്നും ഒരു ശതമാനം കുറഞ്ഞ് 115.97 കോടി രൂപയായിട്ടുണ്ട്. അതേസമയം, വാർഷികാടിസ്ഥാനത്തിൽ ഇത് 14 ശതമാനം വർദ്ധനവോടെ 102.02 കോടി രൂപയായാണ് ഉയർന്നത്.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, ജിയോജിത്ത് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 74,000 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം മാർച്ച് പാദത്തിലെ 12.9 ലക്ഷത്തിൽ നിന്ന് ഇത്തവണ 13 ലക്ഷത്തിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലും, ജിസിസി രാജ്യങ്ങളിലും 498 ഓഫീസുകളാണ് ജിയോജിത്തിന് ഉള്ളത്. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജിയോജിത്ത് ഇതിനോടകം ചുവടുകൾ ശക്തമാക്കിയിട്ടുണ്ട്.
Also Read: സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങി: വിദ്യാർത്ഥി മരിച്ചു
Post Your Comments