കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്. ഓഫീസിലെ ജനലുകളും വാതിലുകളും പൂര്‍ണമായും തകർന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം ആക്രമണം തുടരുകയാണ്. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
സിപിഐഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. സമീപകാല രാഷ്ട്രീയകേരളം കണ്ടിട്ടില്ലാത്ത സംഘര്‍ഷമാണ് ഇപ്പോൾ അരങ്ങേറുന്നത്. സിപിഐഎം- കോണ്‍ഗ്രസ് തെരുവുയുദ്ധം രാത്രി വൈകിയും നീണ്ടു. തിരുവനന്തപുരത്തും കണ്ണൂരും ആണ് വ്യാപക ആക്രമണം ഉണ്ടായത്. കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി.
പയ്യന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരം പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ് ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധമാര്‍ച്ച് നടത്തും.
കണ്ണൂരും തിരുവനന്തപുരത്തും നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ ശക്തമാക്കി. സംഘര്‍ഷം ഇന്നും തുടരുമെന്ന വിലയിരുത്തലില്‍
സംസ്ഥാന വ്യാപകമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Post Your Comments