കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരം വഴി കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് കെ.പി എന്നിവരാണ് പിടിയിലായത്. മലദ്വാരത്തിൽ മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇവരുടെ പദ്ധതി.
ബുധനാഴ്ച പുലർച്ചെ ബഹറിനിൽ നിന്ന് വന്ന ജി.എഫ്. 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫ് പോലീസിനെ കണ്ടതും പെട്ടന്ന് മുന്നോട്ട് നടക്കാനും, പോലീസിൽ നിന്നും കഴിവതും ഒഴിഞ്ഞുമാറാനും ശ്രമിച്ചു. ഇതോടെ, സംശയം തോന്നിയ പോലീസ് റൗഫിനെ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു. ചോദ്യം ചെയ്‌തെങ്കിലും റൗഫ് ഒന്നും വിട്ടുപറയാൻ തയ്യാറായില്ല. എന്നാൽ, എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ക്യാപ്സ്യൂളുകൾ തെളിഞ്ഞു. ഇതോടെയാണ് റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം മൂന്ന് ക്യാപ്സ്യൂളുകളിലാക്കി കടത്താനായിരുന്നു റൗഫ് ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ സ്വർണക്കടത്ത് സംഘം ഇയാളെ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദേശം. വിളിക്കുന്നയാൾക്ക് സ്വർണം ഏൽപ്പിക്കുക എന്നായിരുന്നു റൗഫിന് ലഭിച്ചിരുന്ന സന്ദേശം.
ബുധനാഴ്ച തന്നെയാണ് പയ്യോളി സ്വദേശി നൗഷിനെയും പോലീസ് പിടികൂടിയത്. രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ നൗഷിനെയും സമാനരീതിയിൽ ആയിരുന്നു പോലീസ് ചോദ്യം ചെയ്തത്. എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
Post Your Comments