തിരുവനന്തപുരം: കേരളത്തിൽ 2021-2022 സാമ്പത്തിക വർഷം 4071 കോടിയുടെ നിക്ഷേപം വ്യവസായ മേഖലയിൽ സൃഷ്ടിക്കാൻ സാധിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും നിക്ഷേപകരെ ആകർഷിക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്‌ഐഡിസി വഴി 895 കോടിയുടെ നിക്ഷേപവും 2959 തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനായി. ക്രിൻഫ്രയിലൂടെ 1600 കോടിയുടെ നിക്ഷേപവും, 22,000 തൊഴിൽ അവസരങ്ങളും, ഡിഐസിയിലൂടെ 1576 കോടിയുടെ നിക്ഷേപവും. 57,399 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു. 82,358 പുതിയ തൊഴിൽ അവസരങ്ങൾ ഈ ഒരു വർഷം കൊണ്ട് സൃഷ്ടിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു : ഓട്ടോറിക്ഷ ഡ്രൈവർ പൊലീസ് പിടിയിൽ
കോവിഡ് കാരണം പ്രതിരോധത്തിലായ ചെറുകിട വ്യവസായികൾക്ക് 1,416 കോടി രൂപയുടെ സഹായ പദ്ധതി നടപ്പാക്കി. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്‌നോളജ്‌മെന്റിലൂടെ അനുമതിയില്ലാതെ മൂന്ന് വർഷം വരെ പ്രവർത്തനം സാധ്യമാക്കാനും സർക്കാരിന് കഴിഞ്ഞു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കി. കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധന സംവിധാനം ആവിഷ്‌കരിച്ചു. ഈ സംവിധാനത്തിന് കീഴിൽ അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2022-2023 സംരംഭക വർഷമായി സർക്കാർ ആചരിക്കുന്നതിന്റെ തുടർച്ചയെന്നോണം ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും 4 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഫലമെന്നോണം ഇന്ത്യയിലെ ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നഗരമായി കൊച്ചി മാറിയതായുള്ള നൗക്കരി ഡോട്ട് കോമിന്റെ റിപ്പോർട്ട് സർക്കാരിനുള്ള അംഗീകാരമാണെന്നും ഇത്തരം വാർത്തകൾ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനു സഹായിക്കുമെന്നും മന്ത്രി വിശദമാക്കി.
എംഎസ്എംഇ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാനായി 168 വിദഗ്ധ പാനലിസ്റ്റുകളെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേട്ട് നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ആരംഭിച്ച ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടി 12 ജില്ലകളിൽ പൂർത്തിയായി. ഈ പരിപാടിയിലൂടെ ആയിരത്തിലധികം പരാതികളിൽ തീർപ്പ് കൽപ്പിച്ചു. ‘മീറ്റ് ദി ഇൻവെസ്റ്റർ’ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഒരു വർഷത്തിനുള്ളിൽ ലഭിച്ചു. കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റാ എലക്‌സിയുമായി കരാർ ഒപ്പുവെച്ചു പത്ത് മാസത്തിനുള്ളിൽ കെട്ടിടവും കൈമാറി. ഈ പദ്ധതിയിലൂടെ ആറായിരം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് ആന്റ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ 1200 കോടി രൂപ ചെലവിൽ ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് ക്യാമ്പസ് ആരംഭിക്കുന്നതിനായി ടിസിഎസ്സുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാനായി 14 അപേക്ഷകൾ ആണ് ഇതുവരെ ലഭിച്ചത്. ഈ വർഷം 14 പാർക്കുകൾ തുടങ്ങാൻ സാധിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. 10 ഏക്കറിലധികം ഭൂമിയുള്ള സ്വകാര്യവ്യക്തികൾക്ക് വ്യവസായ പാർക്കിനായി 3 കോടി രൂപ വരെ സംസ്ഥാന സർക്കാർ ധനസഹായം നൽകും. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ കീഴിലുളള അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നു. സുസ്ഥിര വികസന സൂചികയിൽ വ്യവസായ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments