പന്തളം: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മങ്ങാരം സ്വദേശിനി ബിൻസിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടത്. ബിൻസിയുടെ മരണത്തിൽ ഭർത്താവ് ജിജോയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങുന്നത്.
എന്നാൽ, കേസിൽ മാവേലിക്കര പോലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് ബിൻസിയുടെ കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്യും മുൻപ് ബിൻസി മൊബൈലിൽ ചിത്രീകരിച്ച വീഡിയോകൾ ഭർത്താവിന്റെ വീട്ടിൽ എത്രത്തോളം ശാരീരികമാനസിക പീഡനങ്ങൾ നേരിട്ടു എന്നതിന്റെ തെളിവാണെന്നും ബിൻസിയുടെ ബന്ധുക്കൾ പറയുന്നു. വിഷയത്തിൽ വനിതാ കമ്മീഷനും പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ബിൻസിയുടെ ഭർതൃമാതാവിനെ പോലീസ് വിട്ടയക്കുകയാണുണ്ടായത്. ഇന്ന് ബിൻസിയുടെ കുടുംബാംഗങ്ങൾ മാവേലിക്കര സ്റ്റേഷനിൽ എത്തി ബിൻസിയുടെ മൊബൈൽ ഫോൺ പോലീസിന് കൈമാറും.
Post Your Comments