കൊച്ചി: മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് വിദേശത്തേക്കു കടന്നു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗര്‍ സ്വദേശി മുഹമ്മദ് ഫായിസാണ് യുഎഇയിലേക്കു കടന്നത്. സന്ദര്‍ശക വിസയിലാണ് ഇയാള്‍ വിദേശത്തേക്കു കടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇയാളെ തിരികെ എത്തിക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും കേസ് സിബിസിഐഡി വിഭാഗമാണ് അന്വേഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. അന്വേഷണം കാര്യക്ഷമമാകണമെന്ന് ജസ്റ്റിസ് എ.ബദറുദീന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സിബിഐയ്‌ക്കോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ഫായിസിനു പുറമെ ഫായിസിന്റെ പിതാവും മാതാവും കേസില്‍ പ്രതികളാണ്. ഫായിസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. മാതാവ് സീനത്തിന് ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചെങ്കിലും പിതാവ് സൈതലവിക്കും ഫായിസിനും ജാമ്യം ലഭിക്കാതെ വന്നതോടെ ഇരുവരും ഒളിവില്‍ പോയി. തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും ഫായിസിനെ രക്ഷപെടാന്‍ അനുവദിക്കുകയായിരുന്നു എന്നും യുവതിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പുറമെ ഫായിസ് വിദേശത്തേക്കു കടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ മെയ് രണ്ടിനു വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ ഫായിസ് മര്‍ദിച്ചു തുടങ്ങിയെന്നു യുവതി പരാതിയില്‍ പറയുന്നു. 50 പവന്‍ സ്വര്‍ണം വിവാഹസമയത്ത് നല്‍കിയിരുന്നു. കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുപോയി എന്ന് ആക്ഷേപിച്ചുമായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ പരുക്കേറ്റ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തന്നെ നാലുതവണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. മര്‍ദന വിവരം പുറത്തുപറഞ്ഞാല്‍ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടും എന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. മുഹമ്മദ് ഫായിസ് ലഹരിക്ക് അടിമയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
അടിവയറ്റിലും നട്ടെല്ലിനും ഉള്‍പ്പെടെ ശരീരമാകസകലം പരുക്കേറ്റ അവസ്ഥയിലായിരുന്ന യുവതിയെ സ്വന്തം കുടുംബത്തില്‍നിന്ന് ആളുകളെത്തിയാണു തിരികെ കൊണ്ടുപോയത്. അടിയേറ്റ് യുവതിയുടെ ഒരു ചെവിയുടെ കേള്‍വിശക്തിയും കുറഞ്ഞിരുന്നു. വീട്ടിലേക്കു മടങ്ങിയ ശേഷം മേയ് 23ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തിയാണു പൊലീസ് കേസെടുത്തത്. തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചത്.
Post Your Comments