പന്തളം: റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അടുക്കളയില്‍ ജോലിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി കലാമുദ്ദീന്‍ (27), ബിഹാര്‍ സ്വദേശി സിറാജുദ്ദീന്‍ (27), കടയ്ക്കു മുമ്പില്‍ നില്‍ക്കുകയായിരുന്ന പുഴിക്കാട് പാലമുരുപ്പേല്‍ കണ്ണന്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊട്ടിത്തെറിയിൽ പരിക്കേറ്റവരെ പന്തളം എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ പന്തളം മെഡിക്കല്‍ മിഷന്‍ കവലയിലെ ഫലക്ക് മജിലീസ് റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഇവിടെയുണ്ടായിരുന്ന ആറ് എല്‍ പി ജി സിലിണ്ടറുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞത് കൂടുതല്‍ അപകട സാധ്യത ഒഴിവാക്കി. അടുക്കള ഉപകരണങ്ങള്‍, പാത്രങ്ങള്‍, ഫിറ്റിംഗ്‌സുകള്‍, ഗ്ലാസ് ഡോറുകള്‍, ജനല്‍, കതകുകള്‍ എന്നിവ പൂര്‍ണമായും നശിച്ചു. മെഡിക്കല്‍ മിഷന്‍ സ്വദേശികളായ ഷെഫിന്‍, ഹാഷിം എന്നിവരാണ് റെസ്റ്റോറന്റ് നടത്തുന്നത്.
Read Also : ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല: 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി ബെന്‍സ്
അടൂര്‍ അഗ്‌നിശമന നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സി റജികുമാര്‍, ടി എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അജി കുമാര്‍, സന്തോഷ്, അമൃതാജി, മനോജ് കുമാര്‍, രാജേഷ് കുമാര്‍, അഭിഷേക്, ഭാര്‍ഗവന്‍, വേണു ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
Post Your Comments