സിനിമകളെ പോലും അമ്പരപ്പിക്കുന്ന രംഗങ്ങളായിരുന്നു വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിമുറിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നുകൊണ്ടിരുന്നത്. വർഷങ്ങൾ നീണ്ട പഴിചാരലുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ജോണി ഡെപ്പ് V/S ആംബർ ഹേർഡ് കേസിൽ കോടതി വിധി പറഞ്ഞു. ഡെപ്പിന് അനുകൂലമായിരുന്നു വിധി. ഗാർഹിക പീഡനത്തിൽ ഡെപ്പിനെതിരെ 50 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയൽ ചെയ്ത ആംബർ പക്ഷെ, അതിന്റെ വിധി തനിക്കെതിരായിരിക്കുമെന്ന് ഒരിക്കൽ പോലും ചിന്തിച്ച് കാണില്ല. നിയമം സ്‌ത്രീയ്‌ക്കൊപ്പം നിൽക്കുമെന്നായിരുന്നു തുടക്കം മുതൽ ആംബർ കരുതിയിരുന്നത്. അതുകൊണ്ട് തന്നെയാണ്, ഡെപ്പിനനുകൂലമായ വിധി വന്നപ്പോൾ കോടതിക്കെതിരെ ആംബർ പ്രതികരിച്ചത്. വിധി ലോകത്തെങ്ങുമുള്ള സ്ത്രീകൾക്ക് തിരിച്ചടിയാണെന്നും, അമേരിക്കക്കാരിയായ തനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നുമായിരുന്നു ആംബർ പ്രതികരിച്ചത്.
കേസിന്റെ നാൾവഴികൾ അത്ര സുഖമമായിരുന്നില്ല. ആംബറിനും ഡെപ്പിനും മാത്രമല്ല, കാഴ്ചക്കാരായി നിന്നവർക്കും അത്ര സുഖകരമായിരുന്നില്ല ഒന്നും. പരസ്പരം പഴി ചാരിയും ചെളി വാരിയെറിഞ്ഞും ‘മുൻദമ്പതികൾ’ ലോകത്തെ ഞെട്ടിച്ചു. വിചാരണ വേളയിൽ കോടതിമുറിയിൽ ഒരിക്കൽ പോലും അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയില്ല. പലതവണ കോടതി മുറിയിൽ ആംബർ അഭിനയിക്കുകയായിരുന്നോ എന്ന സംശയവും പലരും ഉന്നയിച്ചു.
ജോൺ ഗ്രിഷാം നോവലിനെയും വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ത്രില്ലറുകളെയും അമ്പരപ്പിക്കുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ കോടതിയിൽ അരങ്ങേറിയത്. ഒരുകാലത്ത് ഹോളിവുഡിലെ ഹിറ്റ് പ്രണയജോഡികളായിരുന്ന ഡെപ്പും ആമ്പറും മാധ്യമങ്ങളിൽ പ്രധാന തലക്കെട്ടുകൾ ആകുമ്പോൾ, അവരുടെ ആരാധകർ തലപുകയ്ക്കുന്നത് ‘അവർക്കിത് എന്തുപറ്റി’ എന്നോർത്താണ്.
ആദ്യ കണ്ടുമുട്ടൽ
2009 ൽ ബ്രൂസ് റോബിൻസൺ സംവിധാനം ചെയ്ത ‘ദി റം ഡയറി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹോളിവുഡിലെ സൂപ്പർ താരമായ ഡെപ്പ് ആംബറിനെ ആദ്യമായി നേരിൽ കാണുന്നത്. പോൾ കെംപ് എന്ന പത്രപ്രവർത്തകനായി ഡെപ്പ് ചിത്രത്തിൽ വേഷമിട്ടു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമായിരുന്നു ഇത്. ഡെപ്പിനൊപ്പം ഒരു തുടക്കക്കാരിയുടെ പരിഭ്രമത്തോടെയാണ് താൻ അഭിനയിച്ചതെന്ന് ആംബർ പറഞ്ഞു.
ചിത്രത്തിൽ ഇരുവരും ഷവറിനടിയിൽ നിന്നു ചുംബിക്കുന്ന രംഗമുണ്ട്. ഈ രംഗത്തിനും ഇവരുടെ പ്രണയത്തിനും അഭേദ്യമായ ഒരു ബന്ധമുണ്ട്. ഈ രംഗം ഷൂട്ട് ചെയ്യുമ്പോൾ ഇവർ കമിതാക്കളല്ല, രണ്ട് പേർക്കും മറ്റ് പ്രണയബന്ധമുള്ള സമയമാണ്. എന്നാൽ, ഈ രംഗം ഷൂട്ട് ചെയ്യവേ ‘എനിക്ക് തോന്നാൻ പാടില്ലാത്ത എന്തോ ഒന്ന്’ തോന്നിയതായി പിന്നീട് ഡെപ്പ് വെളിപ്പെടുത്തി. ‘ആ രംഗത്തിൽ ഞാൻ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു’ എന്നായിരുന്നു സൂപ്പർ താരം വെളിപ്പെടുത്തിയത്. ആംബറിനും അതേ അഭിപ്രായം തന്നെയായിരുന്നു. ‘ദി റം ഡയറി’ പുറത്തിറങ്ങിയശേഷം 2 വർഷത്തോളം ഇരുവരും ഉറ്റ സുഹൃത്തുക്കളായി തുടർന്നു.
സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കുള്ള യാത്ര
ജോണി ഡെപ്പും ആംബർ ഹേർഡും തങ്ങളുടെ ദീർഘകാല പങ്കാളികളിൽ നിന്നും ഇതിനോടകം വേർപിരിഞ്ഞിരുന്നു. ഫ്രഞ്ച് നടി വനേസ പാരഡിസിൽ നിന്നും വിവാഹമോചിതനായ ഡെപ്പ് ആംബറിനോടുള്ള തന്റെ ഇഷ്ടം അറിയിച്ചത് 2012 ലാണ്. 2012 ൽ ഇരുവരും ഔദ്യോഗികമായി ഡേറ്റ് ചെയ്തു തുടങ്ങി. മൂന്ന് വർഷം മുമ്പ് ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ സെറ്റിൽ തോന്നിയ അഭിനിവേശം ഇവർക്കിടയിൽ വീണ്ടും ആഴത്തിൽ പതിയാൻ അധികം സമയം വേണ്ടി വന്നില്ല. 2012ൽ ചില കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഡെപ്പ് തന്റെ മാതാപിതാക്കളെ വിട്ട് ഒറ്റയ്ക്കു താമസിക്കാൻ തുടങ്ങിയ സമയത്ത് കൂട്ടിനുണ്ടായിരുന്നത് ആംബർ ആയിരുന്നു. ഏകാന്തതയിൽ ആംബർ ഡെപ്പിന് കൂട്ടായി. അങ്ങനെ ആ ബന്ധം വളർന്നു.
സ്വപ്ന മാംഗല്യം
പാപ്പരാസികളുടെ ഗോസിപ്പുകൾക്കും മൂന്ന് വർഷത്തെ ഡേറ്റിങ്ങിനും ശേഷം 2015ൽ ഇരുവരും വിവാഹിതരായി. വിവാഹ ശേഷം ഡെപ്പ് തന്റെ സുഹൃത്തിനോട് പറഞ്ഞ ഒരു കമന്റ് വിചാരണവേളയിൽ അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. ‘ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’ എന്നായിരുന്നു ഡെപ്പ് തന്റെ സുഹൃത്തിനോട് കല്യാണ ദിവസം പറഞ്ഞത്. ഈ കമന്റ് ആംബർ കോടതിയിൽ പിടിവള്ളിയായി കണ്ടിരുന്നു. പക്ഷെ, ഫലം ഉണ്ടായില്ല.
‘അവൾ ശ്രദ്ധാലുവായിരുന്നു, അവൾ സ്നേഹമുള്ളവളായിരുന്നു, മിടുക്കിയായിരുന്നു, ദയയുള്ളവളായിരുന്നു, തമാശക്കാരിയായിരുന്നു, അവൾ മനസ്സിലാക്കുന്നവളായിരുന്നു … ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങളിൽ സാമ്യതയുണ്ടായിരുന്നു, സംഗീതം, സാഹിത്യം, ആ വർഷം, ഒന്നര വർഷം, അത് അതിശയകരമായിരുന്നു. അവൾ ഒരർത്ഥത്തിൽ എനിക്ക് തികഞ്ഞ പങ്കാളിയാണെന്ന് തോന്നി’, മധുവിധു കാലത്ത് ആംബറിനെ കുറിച്ച് ഡെപ്പ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു.
ആയുസ് കുറഞ്ഞ ദാമ്പത്യം: ശത്രുക്കളായി വേർപിരിയൽ
വെറും ഒരു വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 2016ൽ ഇരുവരും പിരിയാൻ തീരുമാനിച്ചു. പൊരുത്തപ്പെടാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോണി ഡെപ്പിൽ നിന്ന് ആംബർ ഹേർഡ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തത്. പരസ്പരം കുറ്റങ്ങൾ ഉയർത്തിയായിരുന്നു പിരിയൽ.
ഡെപ്പ് മദ്യപിച്ചെത്തി തന്നെ തല്ലുന്നത് പതിവായിരുന്നു, ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിക്കാറുണ്ടായിരുന്നു, ഓറൽ സെക്‌സിന് നിര്ബന്ധിക്കുമായിരുന്നു, എങ്ങനെ ആരോപണങ്ങളുടെ ഒരു വലിയ കെട്ട് തന്നെയായിരുന്നു ആംബർ ഉന്നയിച്ചത്. തന്നെ മാനസികമായും ശാരീരികമായും ആംബർ ഉപദ്രവിച്ചിരുന്നതായി ഡെപ്പ് ആരോപിച്ചു. അങ്ങനെ ഇരുവർക്കും കോടതി ഡിവോഴ്സ് അനുവദിച്ചു. ആംബറിന് 8 മില്യൻ ഡോളർ ജീവനാംശം നൽകാനും ഡെപ്പിനോട് കോടതി ആവശ്യപ്പെട്ടു. മാസങ്ങൾ നീണ്ട തർക്ക നടപടികൾക്ക് ശേഷം, ഡെപ്പും ഹേർഡും നിയമപരമായി വേർപിരിഞ്ഞു.
വീണ്ടും വിവാദം തല പൊക്കിയപ്പോൾ
ഡിവോഴ്‌സിന് ശേഷം യാതൊരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ, 2018ൽ ഗാർഹിക പീഡനങ്ങളെക്കുറിച്ച് വാഷിങ്ടൻ പോസ്റ്റിൽ ആംബർ ഒരു ലേഖനം എഴുതി. അത് വലിയൊരു തീയായി പടർന്നു. ഡെപ്പിന്റെ സ്വപ്നക്കൊട്ടാരം, ജീവിതം എന്നിവയെല്ലാം താറുമാറായ ദിവസമായിരുന്നു അത്. താൻ നേരിട്ട പീഡനങ്ങളുടെ യഥാർത്ഥ ചിത്രം ആംബർ ആ ലേഖനത്തിൽ വിശദീകരിച്ചെഴുതി. ഇതോടെ, ഡെപ്പിന്റെ കരിയർ ഗ്രാഫ് താഴോട്ട് കുത്തനെ ഇടിഞ്ഞു. ഓഫർ ചെയ്ത പല ചിത്രങ്ങളിൽ നിന്നും ഡെപ്പിനെ പുറത്താക്കി. ഇതോടെ ആംബറിനെതിരെ 50 മില്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പ് കേസ് നൽകി. ഇതിനെതിരെ 100 മില്യൻ ഡോളർ നാശനഷ്ടം ആവശ്യപ്പെട്ട് കൗണ്ടർ കേസ് നൽകി. അന്ന് മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള നിയമ പോരാട്ടം.
ജോണി ഡെപ്പ് vs ആംബർ ഹേർഡ്
ഇത്രയും കാലം തന്റെ സ്വകാര്യത നിലനിർത്തിയ ഡെപ്പിന് ആംബറിന്റെ വെളിപ്പെടുത്തലോട് കൂടി സ്വകാര്യതയും നഷ്ടമായി. വിചാരണയുടെ തത്സമയ സ്ട്രീം ലഭ്യമായതിനാൽ ഒരു സീരീസ് കാണുന്നത് പോലെയായിരുന്നു പ്രേക്ഷകർ ഇത് കണ്ടത്. വിചാരണയിൽ ആംബറിന്റെ ഡ്രസുകളും ഡെപ്പിന്റെ ടൈകളും സ്യൂട്ടുകളും ചർച്ചാവിഷയമായി.
ഒരു വശത്ത് ഡെപ്പിന്റെ ചില ചേഷ്ടകളും മറുപടികളും കാണികളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. മറുവശത്ത് ആംബറിന്റെ അതിവൈകാരിക പ്രകടനം കാണികളെ ഈറനണിയിപ്പിക്കുന്നു. ഇതുകൊണ്ടൊക്കെയാകാം, ഈ ലൈവ് വിചാരണയ്ക്ക് കാഴ്ചക്കാർ ഏറെയായിരുന്നു. ഈ വിചാരണ നാളുകളിൽ ഏതൊരു പ്രധാന ക്രൈം ത്രില്ലറിനേക്കാളും കൂടുതൽ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്.
ഒടുവിൽ വിധി
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനും നാടകത്തിനും ഒടുവിൽ കേസിൽ വിധി വന്നു. ഡെപ്പിനനുകൂലമായിരുന്നു വിധി. കേസിൽ ഡെപ്പ് ജയിച്ചതോടെ, 15 മില്യൺ യു.എസ് ഡോളർ നഷ്ടപരിഹാരമായി അദ്ദേഹത്തിന് മുൻ ഭാര്യ ആംബർ ഹേഡ് നൽകേണ്ടിവരും. തിരികെ, 2 മില്യൺ ഡോളർ ഡെപ്പും നൽകേണ്ടിവരും. വിർജീനിയ കോടതിയിലെ 7 അംഗ ജൂറി പാനലാണ് വിധി പുറപ്പെടുവിച്ചത്.
Post Your Comments