കാസർഗോഡ്: പുലിയന്നൂർ ഗ്രാമത്തെ ഞെട്ടിച്ച ദിവസമായിരുന്നു 2017 ഡിസംബര്‍ 13. പുലിയന്നൂർ നിവാസികളുടെ പ്രിയപ്പെട്ട ജാനകി ടീച്ചറെയും ടീച്ചറുടെ ഭര്‍ത്താവായ കൃഷ്ണന്‍ മാസ്റ്ററെയും മോഷണ സംഘം കൊലപ്പെടുത്തിയ ദിവസം. 4 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസിൽ വിധി പറയുന്നത്. കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു കാസർഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍കുളത്തെ പുതിയവീട്ടില്‍ വൈശാഖ്(32), മൂന്നാംപ്രതി മക്ലികോട് അള്ളറാട് വീട്ടില്‍ അരുണ്‍(അരുണ്‍കുമാര്‍-30) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. രണ്ടാംപ്രതിയായ റിനീഷി(28)നെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും കോടതി കണ്ടെത്തി.
പുലിയന്നൂര്‍ ഞെട്ടിയ ആ രാത്രി സംഭവിച്ചത്
2017 ഡിസംബര്‍ 13 ചീര്‍ക്കുളം അയ്യപ്പ ഭജനമന്ദിരത്തില്‍ വിളക്കുത്സവം നടക്കുന്ന ദിവസം. ഉത്സവമായതിനാൽ തന്നെ നാട്ടുകാരെല്ലാം ഉത്സവപ്പറമ്പിൽ ആയിരിക്കുമെന്ന് കണക്കുകൂട്ടിയായിരുന്നു ആക്രമി സംഘം ജാനകി ടീച്ചറുടെ വീട്ടിലെത്തിയത്. വീട്ടിലെ പണവും സ്വര്‍ണവും ലക്ഷ്യമിട്ടായിരുന്നു കവര്‍ച്ചാസംഘം എത്തിയത്. ടീച്ചറുടെ വീട്ടിലെത്തി സംഘം കോളിംഗ് ബെൽ അടിച്ച് കാത്തുനിന്നു. കൃഷ്ണന്‍ മാസ്റ്റർ എത്തി വാതിൽ തുറന്നതും കവർച്ചാ സംഘം അകത്തേക്കിടിച്ച് കയറി, വാതിൽ അടച്ചു. അദ്ദേഹത്തെ സോഫയിലേക്ക് തള്ളിയിട്ടു. ബഹളം കേട്ട് ഓടിയെത്തിയ ടീച്ചറുടെ കൈകൾ രണ്ടും പുറകിൽ കെട്ടിയിട്ടു. രണ്ട് പേരുടെയും വായ ടേപ്പ് കൊണ്ട് ഒട്ടിച്ചു.
ഇതിനിടെ സംഘത്തിലെ ഒരുവനായ അരുൺ ടീച്ചറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അകത്തെ മുറിയിലേക്ക് കൊണ്ടുപോയി. അലമാരയിൽ നിന്നും മറ്റ് രണ്ട് പേർ പണവും സ്വർണവും എടുത്തു. ഇതിനിടെ, മുഖത്തേക്കൊഴുകിയ വിയർപ്പ് തുടയ്ക്കാനായി അരുൺ മുഖംമൂടി മാറ്റി. അരുണിനെ കണ്ട ടീച്ചർ ഞെട്ടി. തന്റെ വിദ്യാർത്ഥികൾ തന്നെയാണ് തന്നെ അക്രമിക്കാനെത്തിയതെന്ന് ടീച്ചർ തിരിച്ചറിഞ്ഞു. തന്നെ ടീച്ചർക്ക് മനസിലായെന്ന് അരുണിനും മനസിലായി. ഇതോടെ, അരുൺ വിവരം സുഹൃത്തുക്കളോട് പറഞ്ഞു. ഇരുവരെയും കൊല്ലണമെന്ന് അരുൺ തറപ്പിച്ച് പറഞ്ഞു.
Also Read:കുതിരവട്ടത്ത് നിന്ന് ചാടിയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു
വീണ്ടും ടീച്ചറുടെ അടുത്തെത്തിയ അരുണ്‍ അവരുടെ കഴുത്തറുത്തു. ടീച്ചർ അവിടെ വെച്ച് തന്നെ മരിച്ചു. സോഫയില്‍ തളര്‍ന്നുകിടന്ന കൃഷ്ണന്‍ മാസ്റ്ററുടെ കഴുത്ത് വിശാഖും അറുത്തു. ശേഷം പ്രതികൾ സ്ഥലം വിട്ടു. കുറച്ച് സമയത്തിന് ശേഷം മാഷ് എങ്ങനെയൊക്കെയോ ഫോണെടുത്ത് പോലീസ് സ്റ്റേഷനിലേക്കും മരുമകനെയും വിളിച്ചു കാര്യം പറഞ്ഞു. പോലീസെത്തി, അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനിടെ നാട്ടുകാരെ പോലീസ് ചോദ്യം ചെയ്തു. ഇവർക്കിടയിൽ മൂവർസംഘവും ഉണ്ടായിരുന്നു. ഭാവവ്യത്യാസമില്ലാതെ പ്രതികൾ നിന്നു. അന്വേഷണം ഇനി തങ്ങൾക്ക് നേരെ വരില്ലെന്ന് ഉറപ്പായപ്പോൾ അരുൺ കുവൈത്തിലേക്ക് വണ്ടി കയറി. ഇതിനിടെ വൈശാഖും റിനീഷും ചേർന്ന് മോഷ്ടിച്ച സ്വർണം വിറ്റു. ഇത് ശ്രദ്ധയിൽപ്പെട്ട വൈശാഖിന്റെ അച്ഛനാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. മകന്റെ കൈയില്‍ കുറേ പണമുണ്ടെന്ന് വൈശാഖിന്റെ അച്ഛൻ പോലീസിൽ അറിയിച്ചു.
പോലീസെത്തി പ്രതികളെ പിടികൂടി. അന്വേഷണം ശരിയായ മാർഗത്തിലൂടെ നടത്തി അറസ്റ്റ് രേഖപ്പെടുത്തി. അരുണിനെ കുവൈത്തിൽ നിന്നും വിളിച്ചുവരുത്തി. 2018 ഫെബ്രുവരി 21നും 22നുമായി പ്രതികള്‍ അറസ്റ്റിലായി. രണ്ട് മാസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ പോലീസിനായി.
Post Your Comments