Latest NewsNewsIndia

പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു

മുംബൈ: ഒരു ടെലിവിഷൻ ഷോയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ഇന്ത്യൻ സുന്നി മുസ്ലീങ്ങളുടെ സുന്നി ബറേൽവി സംഘടനയായ റാസ അക്കാദമിയുടെ പരാതിയെ തുടർന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ, 153 എ, 505 ബി വകുപ്പുകൾ പ്രകാരമാണ് നൂപുറിനെതിരെ കേസെടുത്തിരിക്കുന്നത്.

ഗ്യാന്‍വാപി വിഷയുമായി ബന്ധപ്പെട്ട് ഇസ്‌ലാം മതത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തി എന്നാണ് ബി.ജെ.പി ദേശീയ വക്താവിനെതിരായ ആരോപണം. മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്‌ലിംകള്‍ പരിഹസിച്ചു. അതിനാല്‍, മുസ്‌ലിം മതഗ്രന്ഥങ്ങളില്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നും ആളുകള്‍ക്ക് അവയെ പരിഹസിക്കാമെന്നും നൂപൂര്‍ ശര്‍മ്മ പറഞ്ഞിരുന്നു. കൂടാതെ, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ നിന്ദാകരവും ആക്ഷേപകരവുമായ ചില പരാമര്‍ശങ്ങളും നൂപുര്‍ ശര്‍മ്മ നടത്തിയിരുന്നു.

Also Read:ശ്രീലങ്ക: മണ്ണെണ്ണ നൽകി ഇന്ത്യ

ഇതിനുശേഷം, സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച് ശർമ്മ രംഗത്തെത്തി. തനിക്കെതിരായ ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ആൾട്ട് ന്യൂസ് പ്രൊപ്രൈറ്റർ എഡിറ്റ് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തുവെന്നും തന്റെ കുടുംബത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചാൽ അയാൾ ഉത്തരവാദിത്തം വഹിക്കണമെന്നും ശർമ്മ ആരോപിച്ചു. ബി.ജെ.പി ഡല്‍ഹി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോര്‍ച്ചയുടെ ഒരു പ്രമുഖ മുഖവുമാണ് നൂപൂര്‍ ശര്‍മ്മ.

മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതായി യൂത്ത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രവിശ്യാ പ്രസിഡന്റ് സല്‍മാന്‍ അലി സാഗര്‍ പറഞ്ഞു. മുസ്ലീങ്ങളുടെ ഏറ്റവും പവിത്രമായ പേര് വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുന്നതിനായി ഉപയോഗിച്ചതിന് ബി.ജെ.പി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button