
തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റേതെന്ന പേരിൽ ഇറങ്ങിയ വ്യാജ വീഡിയോ എൽ.ഡി.എഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. ജയിക്കാൻ എൽ.ഡി.എഫ് എന്തുപണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം, തനിക്കെതിരെ നടക്കുന്ന വ്യാജ വീഡിയോ പ്രചാരണം കുടുംബ ജീവിതത്തെ ബാധിച്ചുവെന്ന് ജോ ജോസഫ് വ്യക്തമാക്കി. സൈബർ ആക്രമണത്തെ മറ്റ് സ്ഥാനാർത്ഥികൾ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച പലവിധ വ്യാജ പ്രചാരണങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. താൻ വ്യാജമായാണ് ഡിഗ്രി നേടിയത് എന്നും പണക്കാരുടെ ഡോക്ടറാണ് താനെന്നും ഉള്ള വ്യാജ പ്രചാരണങ്ങൾ ഇവിടെ നടക്കുന്നെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.
തൃക്കാക്കര അവസാന നിമിഷത്തിന്റെ പോരാട്ടം ചൂടിലാണ്. പരസ്യ പ്രചാരണം നാളെ അവസാനിക്കും. വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടു പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുല്‍ റഹ്മാന്‍, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്.
Post Your Comments