ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ, കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പോലീസാണ് അഷ്‌കറിനെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റും രേഖപ്പെടുത്തി. ഇവരെ നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. പിന്നാലെ, വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം, കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് ലഭ്യമായ വിവരം. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ, സംഘാടകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണിതെന്നും അവിടെ നിന്നാണ് കുട്ടിക്ക് ഇത് ലഭിച്ചതെന്നും കുട്ടിയുടെ പിതാവ് അഷ്‌കർ വ്യക്തമാക്കി. ഇതേ മുദ്രാവാക്യം, പല സ്ഥലത്തും പോയി വിളിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ എന്തുകൊണ്ടാണ് ഇതും പൊക്കി പിടിച്ചുവരുന്നതെന്ന് അറിയില്ലെന്നും അഷ്‌കർ കൂട്ടിച്ചേർത്തു.
Post Your Comments