കൊച്ചി: തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഗൂഢാലോചന പുറത്തു കൊണ്ടു വരാന്‍ സവാദിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 13 വര്‍ഷം പ്രതി ഒളിവില്‍ കഴിഞ്ഞത് പോപ്പുലര്‍ ഫ്രണ്ട് സഹായത്താലാണ്. പോപ്പുലര്‍ ഫ്രണ്ട് നിര്‍ദ്ദേശ പ്രകാരം കൃത്യം നടപ്പാക്കിയത് സവാദാണെന്നും എന്‍ഐഎ പറഞ്ഞു.
Read Also: സോഷ്യൽ മീഡിയയിലെ താരം ‘മല്ലുകുടിയന്‍’ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍
2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാകിസ്ഥാന്‍, ദുബായ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു.
സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും 3 വര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു. കേസില്‍ ഭീകരവാദപ്രവര്‍ത്തനം തെളിഞ്ഞതായി എന്‍.ഐ.എ കോടതി വ്യക്തമാക്കിയിരുന്നു. 2011ലാണ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്.
Post Your Comments