
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിശദമായ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് മാലിക്കിന്റെ ഭാര്യയേയും മക്കളേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് ഇഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ചൊവ്വാഴ്ച രാവിലെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നവാബ് മാലിക്കിന്റെ ഭാര്യ മെഹ്ജാബിന് രണ്ട് തവണയും മകന്‍ ഫരാജ് മാലിക്കിന് അഞ്ച് തവണയും സമന്‍സ് അയച്ചു. എന്നാല്‍, അവരാരും തന്നെ ഇഡിക്ക് മുമ്പാകെ ഹാജരായില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി മാലിക്കിന് ദീര്‍ഘകാലമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഈ വര്‍ഷം ഫെബ്രുവരി 23ന് അറസ്റ്റിലായ എന്‍സിപി നേതാവ് നവാബ് മാലിക് (62) നിലവില്‍ ജയിലില്‍ കഴിയുകയാണ്.
Post Your Comments