ആലപ്പുഴ: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്ത നടപടിയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്. ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍, ഉറക്കെ വിളിക്കാനാണ് തീരുമാനമെന്ന് പോപ്പുലർ ഫ്രണ്ട് ഫേസ്‌ബുക്കിൽ കുറിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം അംഗീകരിക്കുന്നില്ലെന്ന് പോപ്പുലർ ഫ്രണ്ട് പറയുമ്പോഴും, കുട്ടിയുടെ ചിത്രമുള്‍പ്പെടുത്തിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ഇവർ ഇക്കാര്യം അറിയിച്ചത്.
ആലപ്പുഴയില്‍ റാലിയ്ക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തില്‍ വിശദീകരണവുമായി പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം രംഗത്തെത്തിയിരുന്നു. മുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലീം മുന്നേറ്റത്തെ വേട്ടയാടാനുള്ള ശ്രമമാണെന്നും. കുട്ടി വിളിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ലെന്നുമായിരുന്നു സംഘടന പറഞ്ഞത്. ഒറ്റപ്പെട്ട സംഭവത്തെയാണ് വിവാദമാക്കുന്നതെന്നും, മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പറഞ്ഞിരുന്നു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയ കുട്ടി വര്‍ഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും, സെക്രട്ടറി മുജീബും ഒന്നും രണ്ടും പ്രതികളാവും. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. റാലിയിലെ മുദ്രാവാക്യത്തിനെതിരെ അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്. സംഭവത്തില്‍, ഇന്നലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ പൊലീസ് പിടികൂടിയത്.
Post Your Comments