കൊൽക്കത്ത: ബംഗാളിലെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കേറ്റ തോൽവി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ തൃണമൂൽ നേതാവ് അലോ റാണി സർക്കാർ കരുതിക്കാണില്ല, അത് തനിക്ക് തന്നെ തിരിച്ചടിയാകുമെന്ന്.
ബോംഗോൺ ദക്ഷിണ് സീറ്റിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ആരോപണങ്ങളുയർത്തി തന്റെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോ റാണി ഹൈക്കോടതിയെ സമീപിച്ചത്. വാദപ്രതിവാദങ്ങൾ ഉയരുന്നതിനിടെ ഹർജി പരിശോധിച്ച ഹൈക്കോടതി തന്നെ ഞെട്ടി. കാരണം, അലോ റാണി ഇന്ത്യൻ പൗര അല്ല. മറിച്ച് ബംഗ്ളാദേശ് പൗരയാണ്.
ഇന്ത്യ ഇരട്ട പൗരത്വംഅംഗീകരിക്കാത്തതിനാൽ അലോ റാണിയുടെ ഹർജി തളളണമെന്നാണ് സ്വപൻ മജൂംദാറിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടത്. ബംഗ്ളാദേശിലെ ബാരിസാലിലെ ഷെർ-ഇ-ബംഗ്ളാ മെഡിക്കൽ കോളേജിലെ പ്രൊഫസറാണ് അലോ റാണിയുടെ ഭർത്താവായിരുന്ന ഡോ. ഹരേന്ദ്ര നാഥ് സർക്കാർ. ഇതിന്റെ തെളിവുകളും അഭിഭാഷകർ കോടതിയിൽ ഹാജരാക്കി. ഇത് സംബന്ധിച്ച് അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതിക്ക് ലഭിച്ചത് വിവരങ്ങൾ സത്യമാണെന്നു റിപ്പോർട്ട് ആയിരുന്നു.
Also Read:ഷാർജയിലെ റോഡിലെ വേഗപരിധി പ്രഖ്യാപിച്ച് യുഎഇ
ബംഗ്ളാദേശിലെ വിവിധ വകുപ്പുകളിൽ നിന്ന് ഹൈക്കോടതി വിവരങ്ങൾ ശേഖരിച്ചു. ഇതിൽ ഇവർ ബംഗ്ളാദേശ് പൗരത്വമുളളയാളാണെന്ന് വ്യക്തമായി. ഇത് ചോദ്യം ചെയ്തപ്പോൾ 2012ൽ ബംഗ്ളാദേശിലെ തിരഞ്ഞെടുപ്പ് കാർഡിൽ പേര് ചേർത്തത് അബദ്ധത്തിലാണെന്നും ഇവർ അറിയിച്ചു. ബംഗ്ളാദേശ് പൗരത്വം റദ്ദാക്കിയതായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാലും ഇരട്ട പൗരത്വം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാലും അലോ റാണിയ്‌ക്ക് ഇന്ത്യൻ പൗരത്വയായി സ്ഥാപിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഇവർ അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് നാടു കടത്തൽ നടപടിയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകുമെന്ന് കോടതി വ്യക്തമാക്കി.
Post Your Comments