കൊൽക്കത്ത: അനധികൃതമായി രാജ്യത്ത് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ. 22 കാരിയായ കൃഷ്ണ മണ്ഡൽ ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ കാമുകനെ കാണാൻ വേണ്ടിയാണ് കൃഷ്ണ അതിർത്തി കടന്നെത്തിയത്. ഇൻഡോ-ബംഗ്ലാദേശ് അതിർത്തി കടന്നെത്തിയ കൃഷ്ണയുടെ സാഹസിക കഥ കേട്ട് കാമുകൻ അഭിക് മണ്ഡൽ അടക്കമുള്ളവർ ഞെട്ടി. കൃഷ്ണയെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ഫേസ്‌ബുക്ക് വഴിയാണ് കൃഷ്ണയും അഭികും പരിചയപ്പെടുന്നത്. പരിചയം വൈകാതെ പ്രണയമായി മാറി. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ, അഭിക് മണ്ഡലിന് പാസ്‌പോർട്ടോ ബംഗ്ലാദേശിൽ എത്താനുള്ള മാർഗമോ ഇല്ലായിരുന്നു. ഇതോടെ, സാഹസത്തിന് മുതിർന്നത് കൃഷ്ണയാണ്. അനധികൃതമായി അതിർത്തി കടക്കാൻ കൃഷ്ണ തീരുമാനിച്ചു. സുന്ദർബൻ കണ്ടൽ പ്രദേശത്തിലൂടെയായിരുന്നു കൃഷ്ണ ഇന്ത്യയിൽ പ്രവേശിച്ചത്. വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളുള്ള കാട്ടിലൂടെ സഞ്ചരിച്ച്, മാൾട്ട നദി നീന്തിക്കടന്നാണ് കൃഷ്ണ ഇന്ത്യയിൽ പ്രവേശിച്ചത്. യുവതിയുടെ ധൈര്യത്തിൽ അന്തംവിട്ടിരിക്കുകയാണ് കാമുകൻ.
Also Read:ഗായകൻ കെ കെയുടെ മരണത്തിൽ അസ്വാഭാവികത?: കേസെടുത്ത് പൊലീസ്
ഏകദേശം ഒരു മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിൽ സംസ്ഥാനത്തെ തെക്കൻ 24 പർഗാനാസ് ജില്ലയിലെ കൈഖലി ഗ്രാമത്തിൽ കൃഷ്ണ പ്രവേശിച്ചു. നരേന്ദ്രപൂരിലെ റാനിയ നിവാസിയായ അഭിക് മണ്ഡലിനെ അവൾ തേടിപ്പിടിച്ചു. കൃഷ്ണ ഇത്രയും ദൂരം താണ്ടി തന്നെ തേടിയെത്തിയതിന്റെ സന്തോഷവും, അമ്പരപ്പും കാമുകനുണ്ട്. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ വെച്ച് ദമ്പതികൾ വിവാഹിതരായി. താമസിയാതെ കൃഷ്ണയുടെ ധീരതയുടെ കഥ ആളുകൾക്കിടയിൽ പ്രചരിച്ചു. ഇത് ഇവർക്ക് കുരുക്കായി.
ഒരു യുവതി അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്ന വാർത്ത പോലീസിലും എത്തി. ഇതിനുശേഷം, നരേന്ദ്രപൂർ പോലീസ് തിങ്കളാഴ്ച റാനിയയിൽ റെയ്ഡ് നടത്തുകയും അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നാരോപിച്ച് കൃഷ്ണയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
2021-ൽ സമാനമായ ഒരു സംഭവത്തിൽ, പശ്ചിമ ബംഗാളിലെ നാദിയയിലെ ബല്ലാവ്പൂർ ഗ്രാമത്തിൽ നിന്നുള്ള 24 കാരനായ കാമുകനെ കാണാൻ ബംഗ്ലാദേശിലെ നെറൈലിൽ നിന്ന് 18 കാരിയായ യുവതി യാത്ര തിരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ അനധികൃതമായി കടന്നതിന് ഇരുവരെയും അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments