കണ്ണൂര്‍: ജനങ്ങളെ വിദേശ ഡോളറും റിയാലുകളും കാണിച്ച് കബളിപ്പിക്കുന്ന സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ ബംഗ്ലാദേശി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ബാഗര്‍ഗട്ടിലെ ചോട്ടാബാദിറയില്‍ മുഹമ്മദ് സൈഫുദ്ദീന്‍ ഇസ്ലാം (25), മൊദൂര്‍ഗഞ്ച് ഡങ്കിബങ്കയിലെ റസാഖ് ഖാന്‍ (24), മാതാറിളഫറിലെ ഷിബ്‌സോറിന്‍ മുഹമ്മദ് ലബ്‌ലു (45), കുന്നാറിലെ ബേബി ബീഗം (40) എന്നിവരെയാണ് ആയിക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
വ്യാപാരികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക്യഥാര്‍ത്ഥ ഡോളറും റിയാലും കാണിച്ച് വില്‍പ്പന ഉറപ്പിച്ച് വ്യാജ ഡോളറും റിയാലും നല്‍കി പണം തട്ടുകയായിരുന്നു ഇവരുടെ പരിപാടി. പലരും തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേട് ഓര്‍ത്ത് പുറത്ത് പറഞ്ഞിരുന്നില്ല. പ്രതികള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡോളറും റിയാലും വാങ്ങാന്‍ പണവുമായെത്തുന്നവര്‍ സംശയത്തിന്റെ പേരില്‍ പണം നല്‍കാതെ തിരിച്ചുപോകാന്‍ ശ്രമിച്ചാല്‍ ഇവരെ അക്രമിച്ച് പണം കവര്‍ച്ച ചെയ്യുന്നതും സംഘത്തിന്റെ രീതിയായിരുന്നുവെന്ന് ഡിവൈഎസ്പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിടിച്ചുപറിയുമായി ഇത്തരത്തില്‍ നടന്ന രണ്ടുപേരുടെ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് പിടിയിലാകുമ്പോള്‍ ഇവരുടെ കയ്യില്‍ 20 രൂപയുടെ 21 അമേരിക്കന്‍ ഡോളര്‍, 100 രൂപയുടെ 15 സൗദി റിയാല്‍, 50 രൂപയുടെ 2 റിയാല്‍, 500 രൂപയുടെ ഒരു റിയാല്‍, ബംഗലൂരു മേല്‍വിലാസത്തിലുള്ള 2 ഇന്ത്യന്‍ ആധാര്‍കാര്‍ഡ്, ഡല്‍ഹി അഡ്രസ്സിലുള്ള ഒരു ആധാര്‍കാര്‍ഡ്, ഒരു പാന്‍കാര്‍ഡ് എന്നിവക്ക് പുറമെ 54,240 രൂപയും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments