
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടൽ പോലെയാണ് വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വധശിക്ഷ വിധിക്കും മുമ്പ് വിചാരണ മുതൽ തന്നെ പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിചാരണ ഘട്ടത്തിൽ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സർക്കാരിന്റെയും ജയിൽ അധികൃതരുടെയും റിപ്പോർട്ട് തേടണം, എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണമെന്നും കുടുംബ പശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും സർക്കാർ ശേഖരിച്ച് കോടതിക്ക് നൽകണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ആണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 2015ൽ മധ്യപ്രദേശിലുണ്ടായ ഒരു കേസിന്റെ വിധി പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ശരിവച്ച ആറിൽ മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കിയാണ് കോടതി ഇക്കാര്യത്തിൽ പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.
ജസ്റ്റിസ് യു.യു. ലളിതിന് പുറമേ, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.
Post Your Comments