മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ കീഴടക്കിയത്. 169 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂര്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
54 പന്തില്‍ 73 റണ്‍സെടുത്ത കോഹ്ലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. നായകൻ ഫാഫ് ഡൂപ്ലെസി 38 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ 18 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനെ കീഴടക്കി 14 കളികളില്‍ 16 പോയിന്റ് നേടി ആദ്യ നാലിൽ ഇടം നേടിയെങ്കിലും ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ മികച്ച റണ്‍റേറ്റുളള ഡല്‍ഹി ജയിച്ചാല്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്താവും.
Read Also:- മുഖത്തിന് നല്ല തെളിച്ചവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ!
നിലവില്‍ 16 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിനും ബാംഗ്ലൂരിനെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. ഗുജറാത്തിനെതിരെ അതിവേഗം ലക്ഷ്യത്തിലെത്തി നെറ്റ് റണ്‍റേറ്റ് പ്ലസിലെത്തിക്കാന്‍ കഴിയാതിരുന്നത് ബാംഗ്ലൂരിന് തിരിച്ചടിയായേക്കും. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ്: 168-5, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: 170-2.
Post Your Comments