ഡൽഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വ്യത്യസ്ത വിധികളുമായി ഡല്‍ഹി ഹൈക്കോടതി. ഐപിസി 375ൽ ഭർത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധർ പറഞ്ഞു. എന്നാൽ, അതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഹരിശങ്കർ ‘മാരിറ്റൽ റേപ്’ ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചു. ഇതോടെ, കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.
ബലാത്സംഗ നിയമത്തിൽ ഭർത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കാൻ കോടതി കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, നിലപാടറിയിക്കാൻ കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടു. തുടർന്ന്, കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
ഇന്ത്യൻ ശിക്ഷാനിയമം – 1860 ലെ 375–ാം വകുപ്പ് പ്രകാരം, ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ ഭർത്താവാണെങ്കിൽ അത് ലൈംഗികാതിക്രമായി കണക്കാക്കാൻ കഴിയില്ല. എന്നാൽ, സ്ത്രീയ്ക്ക് 15 വയസിൽ താഴെയാണെങ്കിൽ ഇത് ബലാത്സംഗമായി കണക്കാക്കണമെന്നും നിയമം പറയുന്നു. സുപ്രീംകോടതി പിന്നീട് ഇത് 18 വയസാക്കി തീർപ്പാക്കിയിരുന്നു. വൈവാഹിക ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് 2015ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.
Post Your Comments