സുരേഷ് ഗോപിയെന്ന നടനെയോ മനുഷ്യനെയോ മലയാളികൾക്ക് തള്ളിപ്പറയാനാകില്ല. എന്നാൽ, അയാൾ അനുഭവിക്കുന്ന സൈബർ ആക്രമണത്തിന്റെയും അവഗണനയുടെയും മൂലകാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്, രാഷ്ട്രീയ നിലപാടുകളാണ്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി താരസംഘടനയായ അമ്മയിൽ തിരികെയെത്തിയിരുന്നു. തിരികെയെത്തിയ സുരേഷ് ഗോപിക്ക് സംഘടന വൻ വരവേൽപ്പ് ആയിരുന്നു നൽകിയിരുന്നത്. സുരേഷ് ഗോപി എന്ന മനുഷ്യൻ എത്രത്തോളം മനുഷ്യസ്നേഹിയാണെന്ന കാര്യം വ്യക്തമാക്കുന്നതായിരുന്നു ഇടവേള ബാബുവിന്റെ വാക്കുകൾ.
‘അമ്മയിലേക്ക് ദിവസവും സഹായം ചോദിച്ചുകൊണ്ട് ഒരു 10 കത്തെങ്കിലും എത്തും. അതിന്റെ എല്ലാം അവസാനം ചോദിക്കുന്നത്, സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരാമോ എന്നാണ്’, ഇടവേള ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസം മണിയൻപിള്ള രാജുവും ടിനി ടോമും സുരേഷ് ഗോപിയെന്ന നടനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. മണിയൻപിള്ള രാജുവിന്റെ മകന്റെ ജീവൻ രക്ഷിച്ചത് സുരേഷ് ഗോപിയാണ്. സുഖമില്ലാതെ കിടപ്പിലായ, സ്ഫടികം ജോർജിന് രണ്ടാം ജന്മം നൽകിയതും ഇതേ സുരേഷ് ഗോപിയാണ്. അദ്ദേഹം ചെയ്യുന്നതിൽ പകുതി കാര്യങ്ങൾ പോലും പുറത്തുവരാറില്ല.
കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തു സംവിധായകൻ സിദ്ധിഖിനെ വിദേശ രാജ്യത്തുപെട്ട് കിടന്നപ്പോ വളരെ പണിപ്പെട്ടു നാട്ടിൽ എത്തിക്കാൻ സഹായിച്ചത് സുരേഷ് ഗോപിയാണ്. ആരുമറിഞ്ഞില്ല, മാസങ്ങൾക്ക് ശേഷം സിദ്ധിഖ് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ ആരാധകർ പോലും ഇക്കാര്യം അറിഞ്ഞത്. കോവിഡ് കാലത്ത് വരുമാനമില്ലാതെയായി, ഏറെ ബുദ്ധിമുട്ടിയ മിമിക്രി കലാകാരൻമാരെ സാമ്പത്തികമായി സഹായിച്ചതും സുരേഷ് ഗോപി ആയിരുന്നു.
Post Your Comments